പിരിഞ്ഞ പാലും തൈരും ചേര്‍ന്നാല്‍ മോരാവില്ല; രജനി-കമല്‍ സഖ്യത്തെ പരിഹസിച്ച് എഡിഎംകെ

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ കൈകോര്‍ത്താല്‍ അത് അണ്ണാഡിഎംകെയെ ബാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രിയും പാര്‍ട്ടി കോഓര്‍ഡിനേറ്ററുമായ ഒ.പനീര്‍സെല്‍വം .

തമിഴ്‌നാട്ടില്‍ ആഴത്തില്‍ വേരോടിയ അടിത്തറയുള്ള പാര്‍ട്ടിയാണ് അണ്ണാഡിഎംകെ. ജനങ്ങളുടെ മനസ്സില്‍ സ്ഥാനമുള്ള പാര്‍ട്ടിയാണിത്. നേതാക്കളല്ല പ്രവര്‍ത്തകരാണു പാര്‍ട്ടിയുടെ ശക്തി. ആരു എതിരാളിയായി വന്നാലും നേരിടാന്‍ പാര്‍ട്ടി സജ്ജമാണെന്നും പനീര്‍സെല്‍വം പറഞ്ഞു.

തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ ഒരുമിക്കുമെന്ന രജനിയുടെയും കമലിന്റേയും പരസ്യ പ്രസ്താവനയെ പരിഹസിച്ചും, എതിര്‍ത്തും മറ്റ് അണ്ണാഡിഎംകെ നേതാക്കളും രംഗത്തെത്തി. പിരിഞ്ഞ പാലും തൈരും ചേര്‍ന്നാല്‍ മോരാവില്ല. സൂപ്പര്‍ താരങ്ങള്‍ കൈകോര്‍ത്താലും അതുതന്നെയാകും സംഭവിക്കുക എന്നാണ് മന്ത്രി ഒ.എസ്.മണിയന്റെ പരിഹാസം. ഒന്നും ഒന്നും ചേര്‍ന്നാല്‍ മാത്രമേ രണ്ടാവൂ. പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യം മാത്രമാണ് ഉത്തരം. ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന അണ്ണാഡിഎംകെയ്ക്കാണു തമിഴരുടെ മനസ്സില്‍ സ്ഥാനം എന്നായിരുന്നു മന്ത്രി ആര്‍.ബി.ഉദയകുമാറിന്റെ പ്രതികരണം.

അതേസമയം രജനീകാന്തുമായി രാഷ്ട്രീയകൂട്ടുകെട്ട് ഉണ്ടാക്കുന്നതു സംബന്ധിച്ച പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. സുഹൃദ് ബന്ധത്തെക്കാള്‍ തമിഴ്‌നാടിന്റെ ഉന്നമനത്തിനാണു പ്രധാന്യം നല്‍കുന്നത്. തമിഴ്‌നാടിന്റെ നല്ല ഭാവിയും ക്ഷേമവുമാണു മനസ്സിലുള്ളത്. ലക്ഷ്യം നേടാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉടലെടുത്താല്‍ രാഷ്ട്രീയത്തില്‍ രജനീകാന്തുമായി ചേര്‍ന്ന് ഒന്നിച്ചു മുന്നോട്ടു നീങ്ങുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Top