നടന്‍ കമലും ലൈക്ക പ്രൊഡക്ഷന്‍സുമാണ് ഇന്ത്യന്‍ 2 ചിത്രീകരണം നീളുന്നതിന് കാരണം- ശങ്കര്‍

ഇന്ത്യന്‍ 2 എന്ന സിനിമയുടെ ചിത്രീകരണം അനിശ്ചിതമായി നീളാന്‍ കാരണം കമല്‍ ഹാസനും നിര്‍മാണ കമ്പനി ലൈക്ക പ്രൊഡക്ഷന്‍സുമാണെന്ന് സംവിധായകന്‍ ശങ്കര്‍. പാതി ചിത്രീകരിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കുന്നത് ശങ്കര്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആരോപണം. ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍നിന്ന് ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ചിത്രീകരണം വൈകുന്നതിന് കാരണത്തില്‍ കമല്‍ഹാസനും ലൈക്ക പ്രൊഡക്ഷനും ഉത്തരവാദികളാണെന്ന് ശങ്കര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിയ്ക്കില്ല, സംവിധായകനും നിര്‍മാതാവും പരസ്പരം ഇരുന്ന് സംസാരിച്ച് പ്രശ്‌നപരിഹാരം കാണുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു കോടതി നിര്‍ദ്ദേശം. കമല്‍ ഹാസന് മേക്കപ്പ് അലര്‍ജിയാണ്. പിന്നീട് ക്രെയിന്‍ അപകടം സംഭവിച്ചു. ഷൂട്ടിങ് വൈകാന്‍ അതും ഒരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു.

 

Top