‘തല്ലുമാല’യില്‍ ടൊവിനോയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍; ചിത്രീകരണം ആരംഭിച്ചു

ടൊവീനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് 11ന് നടന്നിരുന്നു. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലശ്ശേരിയിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‌ഡേറ്റുകളൊന്നും എത്തിയിരുന്നില്ല. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് പുതിയ പ്രോജക്റ്റിന്റെ നിര്‍മ്മാണം. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

 

Top