സിപ്പി സിദ്ദുവിന്റെ കൊലപാതകത്തിൽ കല്യാണി വലയിൽ

ന്യൂഡൽഹി: ദേശീയ ഷൂട്ടിങ് താരം സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു (35) വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ ഹിമാചൽപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സബീന സിങ്ങിന്റെ മകൾ കല്യാണി സി‌ങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തതോടെ വിരാമമാകുന്നത് ഏഴു വർഷത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കാണ്. ഹൈക്കോടതി ജഡ്ജിയുടെ കൊച്ചുമകനായിരുന്ന സിപ്പി സിദ്ദുവിന്റെ കൊലപാതത്തിൽ ആറു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതിയിലേക്ക് എത്തിയതിന്റെ ആശ്വാസം രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസിയായ സിബിഐയ്ക്കും. പ്രണയബന്ധം തകർന്നതിന്റെ പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 7 വർഷം മുൻപത്തെ കൊലപാതകക്കേസിൽ സിബിഐ ഓഫിസിൽ വിളിച്ചുവരുത്തിയാണ് കല്യാണിയെ അറസ്റ്റ് ചെയ്തത്.

പഞ്ചാബ്–ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്.സിദ്ദുവിന്റെ കൊച്ചുമകൻ സുഖ്മാൻപ്രീത് സിങ് എന്ന സിപ്പി സിദ്ദു 2015 സെപ്റ്റംബർ 20ന് ആണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് ചണ്ഡിഗഡിലെ ഒരു പാർക്കിൽ 5 വെടിയുണ്ടകളേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. സിദ്ദുവിനെ വെടിവച്ചുകൊന്ന ആൾക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല. നീണ്ട അന്വേഷണത്തിനൊടുവിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് കല്യാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സിപ്പി സിദ്ദുവും കല്യാണി സിങ്ങും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പിന്നീട് കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങൾ സിദ്ദു അവളുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തത് കല്യാണിയുടെ പക വർധിപ്പിച്ചു. സെബ്റ്റംബർ 18നും 20നും ഇടയിൽ ഇരുവരും പാർക്കിൽവച്ച് കണ്ടു. അജ്ഞാതനായ അക്രമിയും കല്യാണി സിങ്ങും ചേർന്ന് സിപ്പി സിദ്ദുവിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് തുടരന്വേഷണത്തിൽ തെളിഞ്ഞതായും സിബിഐ വിശദീകരിക്കുന്നു. സിദ്ദുവിനെതിരെ വെടിയുതിർത്ത ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പ്രതിയെ 4 ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. സിബിഐ 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത് നാലു ദിവസമാക്കി ചുരുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്.

Top