‘ഫാസിയോ’; യുവാക്കളെ ലക്ഷ്യം വെച്ച് പുതിയ ഫാഷൻ ബ്രാൻഡുമായി കല്യാൺ സിൽക്‌സ്

തൃശൂർ : യുവാക്കൾക്കായി ഫാസ്റ്റ് ഫാഷൻ ശ്രേണിയിൽ പുതിയ റീട്ടെയിൽ ബ്രാൻഡുമായി കല്യാൺ സിൽക്‌സ്. ഫാസിയോ എന്ന പേരിലുള്ള ബ്രാൻ‌ഡിൽ 149 രൂപ മുതൽ 999 രൂപ വരെയുള്ള ‘വാല്യൂ ഫാഷൻ’ ട്രെൻഡ് സെറ്റർ വസ്ത്രങ്ങൾക്കാണ് മുൻഗണന. ഈ ശൃംഖലയിലെ ആദ്യ സ്റ്റോർ സെപ്റ്റംബർ പത്തിന് രാവിലെ 10 മണിക്ക് തൃശൂരിൽ മന്ത്രി കെ. രാജൻ ഉൽഘാടനം ചെയ്യും.

സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ ഉൾപ്പെടെ നിരവധി സാങ്കേതിക സംവിധാനങ്ങളുമായി ആഗോള നിലവാരമുളള ഷോറൂമുകൾ സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിങ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്‌

കേരളത്തിലെ 14 ജില്ലകളിലും ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുള്ള ഫാസിയോ മറ്റ് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഡയറക്ടർമാർ പറഞ്ഞു.

‘‘യുവാക്കൾക്ക് താങ്ങാനാവുന്ന വിലയുള്ള, എന്നാൽ ബ്രാൻഡ് മൂല്യത്തിലോ ഗുണനിലവാരത്തിലോ വിട്ടുവീഴ്ചയില്ലാത്ത ഉൽപന്നങ്ങൾ ഉറപ്പുവരുത്തുന്ന രീതിയാണ് ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഷോറൂമുകളുടെ സ്‌ഥാന നിർണയം മുതൽ ട്രെൻഡ് സെറ്റർ ഉൽപന്നങ്ങൾ കണ്ടെത്തി അത് സമർഥമായ വിലനിർണയത്തിലൂടെ ഏറ്റവും സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ലഭ്യമാക്കി യുവസമൂഹത്തിന്റെ പ്രിയബ്രാൻഡായി മാറുക എന്നതാണ് ലക്ഷ്യം.’’ – ഡയറക്ടർമാർ പറഞ്ഞു.

‘‘ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്‌ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക. ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക. സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക. ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ ശേഖരങ്ങൾ എത്തിക്കുക എന്നിവയാണ് ഫാസിയോ മുന്നോട്ടുവെക്കുന്ന ബിസിനസ് തത്വം.’’ – ഗ്രൂപ്പ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു. ഒരു നൂറ്റാണ്ടിലധികമായി കല്യാൺ സിൽക്‌സ് പരിപാലിച്ചിട്ടുള്ള മാതൃകാപരമായ ഗുണനിലവാരം ഫാസിയോയിലും ഉപഭോക്‌താക്കൾക്ക്‌ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഫാസിയോ ഷോറൂമിന്റെ ഉദ്ഘാടനച്ചടങ്ങിൽ തൃശൂർ മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എംഎൽഎ, വാർഡ് കൗൺസിലർ ലീല വർഗീസ്, ചേംബർ ഓഫ് കൊമേഴ്‌സ്‌ പ്രസിഡന്റ് പി.കെ.ജലീൽ എന്നിവർ ഉൾ‌പ്പെടെയുള്ള വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിക്കും. കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ടി.എസ്.കല്യാണരാമനാണ് ആദ്യ വിൽപന നിർവഹിക്കുന്നത്.

Top