കല്‍പ്പാത്തി ഒരുങ്ങി; കനത്ത കോവിഡ് നിയന്ത്രണങ്ങളില്‍ രഥപ്രയാണത്തിന് ഇന്ന് തുടക്കം

പാലക്കാട്: കല്‍പാത്തിയില്‍ രഥപ്രയാണത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 200 പേര്‍ക്കാണ് രഥം വലിക്കാന്‍ അനുമതി. കല്‍പാത്തി ഗ്രാമത്തിലേക്ക് ഇന്നുമുതല്‍ പതിനാറ് വരെ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മാനദണ്ഡം പാലിച്ച് കല്‍പാത്തി രഥോത്സവം നടത്താന്‍ വെള്ളിയാഴ്ച ഉപാധികളോടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പുറമേ നിന്നുള്ളവര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാനാവില്ല. രണ്ട് ഡോസ് വാക്സിന്‍ എടുത്ത കല്‍പാത്തിയിലെ ആളുകള്‍ക്കു മാത്രമാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി. റോഡുകള്‍ ബാരിക്കേഡ് വച്ച് തടയും. മുഴുവന്‍ സമയവും പൊലീസ് സാന്നിധ്യവുമുണ്ടാകും.

രണ്ടാം ദിനമായ ശനിയാഴ്ച പുതിയ കല്‍പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തില്‍ രഥാരോഹണം നടക്കും. മൂന്നാം ദിനത്തില്‍ പഴയ കല്‍പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. 17ന് രാവിലെ പത്തോടെ കല്‍പാത്തി രഥോത്സവത്തിന് കൊടിയിറങ്ങും.

Top