2019 ല്‍ കലോത്സവത്തിന് വേദി ഒരുങ്ങുക കാസര്‍ഗോഡ് !

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വരും വര്‍ഷത്തെ വേദി ഒരുങ്ങുക കാസര്‍ഗോഡെന്ന് സൂചന. നാല് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കുമെന്നാണ് വിവരം. ഇതുമായ് ബന്ധപ്പെട്ട് ഒദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഇത് രണ്ടാം തവണയാണ് കാസര്‍ഗോഡ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍പ് 1991ലാണ് മേളയ്ക്ക് കാസര്‍ഗോഡ് അവസാനമായി വേദിയായത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് യുവജനോത്സവം ആലപ്പുഴയില്‍ നിന്ന് മാറ്റണം എന്ന നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ മേള സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട വന്നത് കാസര്‍ഗോഡാണ്. എന്നാല്‍, ചെലവ് ചുരുക്കി മേള ആലപ്പുഴയില്‍ തന്നെ നടത്തുകയായിരുന്നു.

കലോത്സവ ദിനങ്ങള്‍ പരമാവധി രണ്ടുദിവസമാക്കി ചുരുക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മത്സരദിനങ്ങള്‍ പഴയതുപോലെ വേണമെന്നാണ് പിന്നീട് ഉയര്‍ന്ന നിര്‍ദ്ദേശങ്ങളെന്നാണ് വിവരം. കാസര്‍ഗോഡ് കലോത്സവത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Top