കേരളം വിടില്ല കൊമ്പന്‍മാര്‍ ; എല്ലാ സഹായവും ഉറപ്പു നല്‍കി കായികമന്ത്രി

കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിടില്ലെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ സിഇഒ വിരേന്‍ ഡിസൂസ നിയമസഭയിലെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തിയെന്നും കൊച്ചിയില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ സുഗമമായി നടത്താനുള്ള എല്ലാ സഹായവും ഉറപ്പു നല്‍കിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പ്പര്യമെന്നാണ് വിരേന്‍ അറിയിച്ചത്. തങ്ങളുടെ ഫുട്ബോള്‍ പദ്ധതികള്‍ കോഴിക്കോട്ടേക്കു കൂടി വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളില്‍ കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിക്കാന്‍ തയാറാണെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.

കൊച്ചിയില്‍ കളി നടത്താന്‍ ചില തടസങ്ങളുണ്ടെന്നും കേരളം വിടുകയാണെന്നുമുള്ള തരത്തില്‍ ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ചില പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ സി ഇ ഒ വിരേന്‍ ഡിസൂസ നിയമസഭയിലെ ഓഫീസില്‍ എത്തി കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ ഐ എസ് എല്‍ മത്സരങ്ങള്‍ സുഗമമായി നടത്താനുള്ള എല്ലാ സഹായവും അദ്ദേഹത്തിന് ഉറപ്പു നല്‍കി. ഈ മാസം 13 ന് ബ്ലാസ്റ്റേഴ്സ്, ജിസിഡിഎ, കൊച്ചി കോര്‍പ്പറേഷന്‍, കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. കൊച്ചിയില്‍ കളി നടത്താന്‍ ചില തടസ്സങ്ങളുണ്ടെന്നും കേരളം വിടുകയാണെന്നുമുള്ള തരത്തില്‍ ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ചില പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പ്പര്യമെന്നാണ് വിരേന്‍ അറിയിച്ചത്. തങ്ങളുടെ ഫുട്ബോള്‍ പദ്ധതികള്‍ കോഴിക്കോട്ടേക്കു കൂടി വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികളില്‍ കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഫുട്ബോള്‍ അക്കാദമി നടത്താനും അവര്‍ക്ക് പദ്ധതിയുണ്ട്. കേരളത്തില്‍ കായിക വകുപ്പ് നടപ്പാക്കുന്ന കിക്കോഫ് അടക്കമുള്ള ഫുട്ബോള്‍ പരിശീലന പദ്ധതികള്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാ വിധത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് വിരേന്‍ വ്യക്തമാക്കി. ഈ സഹകരണം കേരള ഫുട്ബോളിന് ഏറെ ഗുണം ചെയ്യും. കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് ബ്ലാസ്റ്റേഴ്സ്. അവര്‍ക്ക് കേരളത്തില്‍ സുഗമമായി മുന്നോട്ടു പോകാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കും.

Top