kaloor international stadium; fifa under 17 world cup

kaloor-stadium

കൊച്ചി: അണ്ടര്‍17 കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. ഐഎസ്എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌നോര്‍ത്ത് ഈസ്റ്റ് മത്സരശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ലോകകപ്പ് മത്സരവേദി കൊച്ചിയില്‍ നിന്നും മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

നേരത്തെ സ്റ്റേഡിയത്തിലെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഫിഫ ടൂര്‍ണമന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി തന്നെ കൊച്ചിയിലെ സ്റ്റേഡിയം ടൂര്‍ണ്ണമെന്റിന് യോഗ്യമാണെന്ന് വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായത്.

നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരശേഷം മൈതാനത്തേക്കിറങ്ങിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രകോപിതരായ കാണികള്‍ ഗ്രൗണ്ടിലേക്ക് കസേരകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു.

സംഭവത്തെ രൂക്ഷമായ ഭാഷയിലായിരുന്നു സെപ്പി അന്ന് വിശേഷിപ്പിച്ചത്. സ്റ്റേഡിയത്തില്‍ മതിയായ സുരക്ഷയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും താരങ്ങളുടെ ജീവന്‍ ആപത്തിലാക്കാന്‍ കഴിയില്ലെന്നുമായിരുന്നു സെപ്പി പറഞ്ഞത്.

അതിനാല്‍ അണ്ടര്‍17 ലോകകപ്പിന്റെ മുഖ്യ വേദികളിലൊന്നായ കൊച്ചിയെ പട്ടികയില്‍ നിന്നും മാറ്റേണ്ടിവരുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഐഎസ്എല്ലിന്റെ ഫൈനലാണ് കൊച്ചിയ്ക്ക് തുണയായത്. സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു കലാശപോരാട്ടം കാണാനായി. സ്വന്തം ടീം തോറ്റിട്ടും നിയന്ത്രണം വിടാത്ത കാണികള്‍ വലിയ ആശ്വാസമാണ് നല്‍കിയതെന്നും.

കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ കളിനടന്നു എന്നത് ശുഭകരമാണെന്നും സെപ്പി പറഞ്ഞു. ലോകകപ്പിലെ ഏത് മത്സരവും നടത്താന്‍ കലൂര്‍ സ്റ്റേഡിയം സജ്ജമാണെന്നും ഫൈനല്‍ മത്സരത്തിന് ശേഷം തന്റെ അഭിപ്രായം താന്‍ പിന്‍വലിക്കുന്നതായും സെപ്പി പറഞ്ഞു.

എന്നാല്‍ ഏതൊക്കെ മത്സരങ്ങളായിരിക്കും കൊച്ചിയില്‍ നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. പ്രാഥമിക റൗണ്ട്, നോക്കൗട്ട് മത്സരങ്ങള്‍ എന്നിവയായിരിക്കും നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അടുത്ത വര്‍ഷം ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് അണ്ടര്‍17 ലോകകപ്പ് നടക്കുക.

കൊച്ചി ഉള്‍പ്പടെ ആറ് നഗരങ്ങളിലായിരിക്കും കളി നടക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന് പുതുജീവന്‍ നല്‍കുന്നതില്‍ ലോകകപ്പിന് വലിയ സ്വാധീനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top