കലോത്സവം രണ്ടാം ദിനത്തിലേയ്ക്ക്; അപ്പീലും അടിസ്ഥാന സൗകര്യവും തലവേദനയാകുന്നു

kalolsavam

ആലപ്പുഴ: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ ഇത്തവണയും അപ്പീല്‍ പെരുമഴയാണ് വന്നു കൊണ്ടിരിക്കുന്നത്. രണ്ടാം ദിവസമായപ്പോഴേയ്ക്കും ഇത് വരെ 413 അപ്പീലുകളാണ് എത്തിയത്. ഇന്ന് 75 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്. ആദ്യദിവസമായ ഇന്നലെ പല മത്സരങ്ങളും അര്‍ദ്ധരാത്രിവരെ നീണ്ടു നിന്നിരുന്നു.

വേദികളിലെ സൗകര്യക്കുറവായിരുന്നു ആദ്യ ദിവസത്തില്‍ പ്രധാനമായും ഉയര്‍ന്നു വന്ന പരാതി. ചെലവ് ചുരുക്കിയാണ് കലാമേള നടത്തുന്നതെങ്കിലും പ്രാഥമിക സൗകര്യങ്ങള്‍ പോലും മിക്ക സ്റ്റേജുകളിലുമുണ്ടായിരുന്നില്ലെന്ന് മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചു. ചെലവ് ചുരുക്കിയാണ് മേള നടത്തുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സംഘാടക സമിതി ജാഗ്രത പുലര്‍ത്തണമെന്നാണ് മത്സരാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആവശ്യം.

നാടന്‍പാട്ട് വേദിയില്‍ തിരശ്ശീല ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായി. ഒന്‍പത് മണിക്ക് തുടങ്ങേണ്ട നാടന്‍പാട്ട് ആരംഭിച്ചത് 11 മണിക്കായിരുന്നു. രക്ഷിതാക്കളും മത്സരാര്‍ത്ഥികളും ഒരുപോലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വേദിയില്‍ തിരശ്ശീലയിടാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു.

Top