യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി

തൃശ്ശൂര്‍: ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. തൃശ്ശൂര്‍ ആര്‍.ടി.എ സമിതിയുടേതാണ് തീരുമാനം.

പതിനേഴ് പരാതികള്‍ കല്ലട ബസ്സിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നുവെന്ന് സമിതി കണ്ടെത്തി. ഗുരുതര പരാതി ഉയര്‍ന്നിട്ടും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 21-ന് പുലര്‍ച്ചെയാണ് കല്ലട ബസ്സിലെ യാത്രക്കാരായ യുവാക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ബസ് കേടുവന്നതിനെത്തുടര്‍ന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി പ്രശ്നങ്ങള്‍ പരിഹരിക്കുകയും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു. ഈ ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ ജീവനക്കാര്‍ യുവാക്കളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് വന്‍ വിമര്‍ശനം കല്ലട ബസിനെതിരെയും അതികൃതര്‍ക്കെതിരെയും ഉയര്‍ന്നിരുന്നു.

Top