കല്ലട ബസിന്റെ ക്രൂരത വീണ്ടും ; ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി

കണ്ണൂര്‍: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കല്ലടക്കെതിരെ പുതിയ പരാതി. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം യാത്രക്കാരന് പരുക്കേറ്റു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പയ്യന്നൂര്‍ സ്വദേശി മോഹനന്‍ പിലാക്കയ്ക്കാണ് കല്ലട ബസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. തുടയെല്ല് പൊട്ടി ഇയാളിപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

ഞായറാഴ്ച പയ്യന്നൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പോകവെയാണ് സംഭവമുണ്ടായത്. അമിതവേഗതയില്‍ ഹംപില്‍ കയറിയതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാര്‍ പലരും തെറിച്ചു വീണു. മോഹനന്‍ വീണ് തുടയെല്ലുപൊട്ടി. വേദനയെടുത്ത് നിലവിളിച്ച മോഹനനെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയാറായില്ല. പിന്നീട് വേദന മാറാന്‍ സ്പ്രേ അടിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ് നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞു.

പിന്നീട് അവസാന സ്റ്റോപ്പില്‍ മകനെത്തിയാണ് മോഹനനെ ആശുപത്രിയിലെത്തിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന് രണ്ട് സര്‍ജറി വേണ്ടിവന്നു. മൂന്ന് മാസം ബെഡ് റെസ്റ്റ് വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ വ്യാഴാഴ്ച രാവിലെയാണ് മലപ്പുറത്ത് പിടിയിലായത്. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് നിയമപരമായ പരിമിതികളുണ്ട്. മറ്റ് ചട്ടലംഖനങ്ങളില്‍ നിയമപരമായ നടപടികള്‍ തുടരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

യുവതിയുടെ പരാതിയില്‍ കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ സ്ലീപ്പര്‍ ബസില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട്ടുകാരി യുവതിയുടെ പരാതിയിലാണ് നടപടി. സ്ത്രീ ഇരുന്ന സീറ്റില്‍ എത്തി ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫ് കടന്ന് പിടിച്ചുവെന്ന് സ്ത്രീ തേഞ്ഞിപ്പാലം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Top