കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പൂട്ടിച്ചു

വൈക്കം: കല്ലട ബസില്‍ വച്ച് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ബുക്കിംഗ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെബലം പ്രയോഗിച്ച് ഇറക്കിവിടുകയും ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.

സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സംഭവത്തില്‍ ജനരോക്ഷം ശക്തമായതോടെ സംസ്ഥാനത്തെ സ്വകാര്യബസ് ലോബികള്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

സംഭവത്തില്‍ ശക്തമായ നടപടികളെടുക്കുമെന്നും അക്രമത്തിനിരയായവരുമായി സംസാരിച്ചുവെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചിരുന്നു. അതീവ ഗൗരവത്തോടെയാണ് പൊലീസ് ഇക്കാര്യം കാണുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ശന നടപടിയെടുക്കാന്‍ ഗതാഗതവകുപ്പ് കമ്മീഷ്ണറും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിന്‍ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഉടന്‍ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചിരുന്നു.

Top