ടൊവിനോ ചിത്രം കല്‍ക്കിയില്‍ ഉശിരന്‍ വില്ലന്‍; കാരക്ടര്‍ ഇന്‍ട്രോ ടീസര്‍ വൈറല്‍

ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കല്‍ക്കി. ടൊവിനോയുടെ മാസ് ആക്ഷന്‍ സീനുകള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കല്‍ക്കിയുടെ പുറത്തിറങ്ങിയ ടീസറുകളില്‍ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുളള ടീസറുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

എറ്റവുമൊടുവിലായി കല്‍ക്കിയിലെ പ്രധാന വില്ലനെ പരിചയപ്പെടുത്തികൊണ്ടുളള വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ അമര്‍നാഥിനെ അവതരിപ്പിക്കുന്ന ശിവജിത്ത് പദ്മനാഭന്റെ ക്യാരക്ടര്‍ ടീസറായിരുന്നു റിലീസ് ചെയ്തിരുന്നത്. വീരം,രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ശിവജിത്ത് പദ്മനാഭന്‍.

പരീക്ഷണ സ്വഭാവമുളള ഒരു മാസ് ചിത്രമായിരിക്കും കല്‍ക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ടൊവിനോയ്‌ക്കൊപ്പം സംയുക്ത മേനോന്‍ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോയ്ക്കും സംയുക്തയ്ക്കും പുറമെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് കല്‍ക്കി നിര്‍മ്മിക്കുന്നത്.

Top