‘കല്‍ക്കി 2898 എഡി’ ; പ്രഭാസ് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ട ഗസ്റ്റ് റോളില്‍

പ്രഭാസ് നായകനാവുന്ന ‘കല്‍ക്കി 2898 എഡി’ പ്രഭാസിനോടൊപ്പം നിരവധി താര നിരകളാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തു വരുന്ന വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം നേടുന്നത് വിജയ് ദേവരക്കൊണ്ടയുടെ റോളാണ്. കല്‍ക്കിയില്‍ വിജയ് ഗസ്റ്റ് റോളില്‍ എത്തുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍.

ടോളിവുഡിലെ രണ്ട് പ്രമുഖ നായകരെ ഒരു സ്‌ക്രീനില്‍ കാണാനാകുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘യെവണ്ടേ സുബ്രഹ്‌മണ്യം’ എന്ന ചിത്രത്തില്‍ പ്രഭാസും വിജയും മുന്‍പ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കല്‍ക്കിയില്‍ വേറെയും നിരവധി താരങ്ങള്‍ ഒന്നിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ട്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനും നാനിയും ഉണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മഹാഭാരതത്തിലെ ചില ഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുളള ടൈം ട്രാവലര്‍ ചിത്രം ദൃശ്യ വിസ്മയമൊരുക്കുമെന്ന തരത്തിലുള്ള സൂചനകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ നല്‍കിയിരുന്നു.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മ്മിക്കുന്നത്. 600 കോടി രൂപയാണ് ‘കല്‍ക്കി 2898 എഡി’യുടെ ബജറ്റ്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ചിത്രം മെയ് 9 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും കല്‍ക്കിയുടെ പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

Top