കളിയിക്കാവിള കേസ് ; എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്.ഐ കൊലപ്പെടുത്തിയ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫീഖ് എന്നിവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. അതിന് കളിയിക്കാവിള ചെക്‌പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായിരുന്നത് കൊണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍ കുറ്റം സമ്മതിച്ചെങ്കിലും ഗൂഡാലോചനയെ കുറിച്ചോ, സഹായം നല്‍കിയവരെ കുറിച്ചോ ഇവര്‍ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു.

കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അല്‍ ഉമ തലവന്‍ മെഹബൂബ പാഷയേയും കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കളിയിക്കാവിള പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

എഎസ്എയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.

Top