എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ പകപോക്കല്‍; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം.

അതേസമയം പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്‌ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന്‍ കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച് വിവരമില്ല. അതേസമയം പ്രതികള്‍ക്ക് വേണ്ടി തമിഴ്‌നാട്ടിലും കേരളത്തിലും തിരച്ചില്‍ തുടരുകയാണ്.

അതിനിടെ കേസിലെ പ്രതികളായ കന്യാകുമാരി സ്വദേശികളായ തൗഫീക്കും ഷെമീമും മുമ്പ് ജയിലില്‍ കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മലയാളികള്‍ ഉള്‍ള്ളപ്പെടെയുള്ള തടവുകരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു. കൊലപാതകകേസിലടക്കം പ്രതികളായതോടെ അബ്ദുള്‍ ഷമീമിനും തൗഫീഖിനുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും വീടുകളിലടക്കം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളിലുള്ള പ്രതികാരമാകാം പൊലീസിനെ നേരെയുള്ള ആക്രമണമെന്നും സംശയിക്കുന്നുണ്ട്.

Top