‘കളിയാട്ട’ത്തിന്റെ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ സംവിധായകനാകുന്നു

വില്യം ഷെയ്ക്സ്പിയറിന്റെ പ്രസിദ്ധ നാടകം ഒഥല്ലോയെ ആധാരമാക്കി 1997-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കളിയാട്ടം. സുരേഷ് ഗോപി, മഞ്ജു വാര്യർ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് ബൽറാം മട്ടന്നൂറായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ സംവിധായകനാകുന്നതാണ് പുതിയ വാർത്ത.

ഫയദോര്‍ ദൊസ്തയേവ്‌സ്‌കിയുടെ ‘ക്രൈം ആന്റ് പനിഷ്മെന്റ്(കുറ്റവും ശിക്ഷയും)’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ബൽറാം മട്ടന്നൂർ ചിത്രം ഒരുക്കുന്നത്. ഫോർട്ട് കൊച്ചിയിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലായിരിക്കും കഥ പറയുന്നത്. ‘ഇത് വളരെ സങ്കീർണമായ കഥയാണ്. ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ കഥ ഒരുക്കിയത്. അതിശയകരമായ ഒരു ഘടകം ഞാൻ തിരക്കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. അത് പ്രോജക്റ്റിന്റെ കരുത്തായിരിക്കുമെന്ന് വിശ്വസിക്കുന്നു.

ഒഥല്ലോയെ വടക്കൻ കേരളത്തിലെ തെയ്യം പശ്ചാത്തലമാക്കി കളിയാട്ടമാക്കിയതുപോലെ, കുറ്റവും ശിക്ഷയും ഏത് കാലഘട്ടത്തിലാണ് അടിസ്ഥാനമാക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായത്. അത് തീരുമാനം ആയതിന് ശേഷം ബാക്കി എല്ലാം തന്നെ സുഖകരമായി. എഴുത്തുകാരൻ എന്ന നിലയ്ക്ക് ഒരു നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുന്നതിനേക്കാൾ നോവലിൽ നിന്നും എളുപ്പമാണെന്ന് തോന്നുന്നു’ ബൽറാം മട്ടന്നൂർ പറഞ്ഞു.

മഴയ്ക്ക് സിനിമയിൽ പ്രാധാന്യമുള്ളതിനാൽ ജൂണിലായിരിക്കും ചിത്രീകരണം തുടങ്ങുക. കേന്ദ്ര കഥാപാത്രത്തെ ഒരു പ്രമുഖ നടൻ അവതരിപ്പിക്കും. ചിത്രത്തിന്റെ പൂർണ്ണ വിവരങ്ങൾ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും ബൽറാം വ്യക്തമാക്കി.

Top