അഴിമതിക്കാർക്കെതിരെ വേട്ട തുടങ്ങി, കമ്മീഷണറുടെ നടപടിയിൽ ഞെട്ടി സേന

സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും കാളിരാജ് മഹേഷറിനെ സ്ഥലം മാറ്റിയതില്‍ ആഹ്ലാദിക്കുന്ന കോഴിക്കോട്ടെ പൊലീസിലെ ഒരു വിഭാഗം വെട്ടിലായി.

കാളിരാജിനു പകരം വന്ന പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് പൊലീസിലെ ‘തമ്പുരാക്കന്‍മാരുടെ’ ഉറക്കം കെടുത്തുന്നത്.

കൈക്കൂലി പരാതി ലഭിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളയെ സസ്പെന്റ് ചെയ്തത് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ ഷോക്കായി മാറിയിട്ടുണ്ട്.

എസ്.പി റാങ്കിലായിരുന്നു ഇതുവരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ തസ്തിക ഉണ്ടായിരുന്നത്. ഇത് ഡി.ഐ.ജി തസ്തികയായി ഉയര്‍ത്തിയാണ് സഞ്ജയിനെ സര്‍ക്കാര്‍ ഇവിടെ പോസ്റ്റ് ചെയ്തത്.

ഡി.ഐ.ജിമാര്‍ക്ക് നേരിട്ട് എസ്.ഐമാരെ സസ്പെന്റ് ചെയ്യാനുള്ള അധികാരം ഉണ്ട്. ഇതിന് മേലധികാരികളുടെ അനുമതി ആവശ്യമില്ല. കോഴിക്കോട് സിറ്റിയില്‍ ആദ്യമായി ഈ അധികാരം ഉപയോഗിച്ച കമ്മീഷണര്‍ എന്ന ബഹുമതിയും സഞ്ജയിന് അവകാശപ്പെട്ടതാണ്.

പരാതിക്കാരനില്‍ നിന്നും കുറ്റം ആരോപിക്കപ്പെട്ട ആളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നത്.

എസ്.ഐക്കെതിരായ വിവിധ പരാതികളില്‍ കമീഷണര്‍ തന്നെയാണ് നേരിട്ട് രഹസ്യമായി അന്വേഷണം നടത്തിയത്. മൂന്ന് സംഭവങ്ങളില്‍ നിന്ന് എസ്.ഐ കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തിയിരുന്നത്.

പൊലീസ് അസോസിയേഷന്‍ ഭാരവാഹികളും ബാഹ്യശക്തികളും പൊലീസ് സ്റ്റേഷന്‍ ഭരിക്കുക എന്ന ഏര്‍പ്പാട് അനുവദിക്കുന്ന പ്രശ്നമില്ലെന്ന നിലപാടുമായാണ് കമ്മീഷണര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്ത് പരാതി കിട്ടിയാലും സ്പ്പോട്ടില്‍ നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെഡിക്കല്‍ കോളജ് എസ്.ഐയുടെ ഉന്നത സ്വാധീനങ്ങളൊന്നും സസ്പെന്‍ഷന്‍ തടയാന്‍ വഴി ഒരുക്കിയിരുന്നില്ല.

അഴിമതിക്കാരായ സിറ്റിയിലെ സകല പൊലീസ് ഉദ്യോഗസ്ഥരും കമ്മീഷണറുടെ കടുത്ത നിലപാടില്‍ അമ്പരന്ന് ഇരിക്കുകയാണ്. സ്റ്റേഷനുകളിലെ നിത്യ സന്ദര്‍ശകരായ ‘ഇടപാടു’കാര്‍ കമ്മീഷണറുടെ നിരീക്ഷണത്തിലാണ് എന്നത് കളങ്കിത കാക്കികളെ ഇതിനകം പരിഭ്രാന്തരാക്കി കഴിഞ്ഞിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മറ്റിടങ്ങളില്‍ ചെയ്തതുപോലെ വേഷം മാറി കമ്മീഷണര്‍ സഞ്ജയ് ഗരുഡിന്‍ എപ്പോള്‍ വേണമെങ്കിലും പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അവര്‍ ഭയപ്പെടുന്നു.

മുന്‍ കമ്മീഷണര്‍ കാളിരാജ് മഹേഷറിന്റെ കടുപ്പം രസിക്കാതെ അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാന്‍ മാധ്യമങള്‍ക്ക് തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ മത്സരിച്ചവരാണിപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ തരിച്ചിരിക്കുന്നത്. മറ്റ് എവിടേക്കെങ്കിലും സ്ഥലം മാറ്റം കിട്ടുമോ എന്നുവരെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

കാളിരാജ് മഹേഷ് കുമാറിനു എതിരെ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട പൊലീസുകാരനാവട്ടെ സസ്പെന്‍ഷനിലായി ഇപ്പോള്‍ വീട്ടിലിരിപ്പാണ്. പകരം വന്ന സഞ്ജയ്, കാളിരാജിന്റെ അടുത്ത സുഹൃത്തും ബാച്ച്മേറ്റ്സും ആണ് എന്നതും ശ്രദ്ധേയമാണ്.

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത ഐ.പി.എസ് ഓഫീസറായാണ് സഞ്ജയ് ഗരുഡിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അറിയപ്പെടുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റ ഉടന്‍ കണ്ണൂര്‍ എസ്.പി ആയി നിയമിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം.

നടപടിയില്‍ പക്ഷം നോക്കാതെ ആക്ട് ചെയ്തപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് തന്നെ പൊലീസ് സ്റ്റേഷനില്‍ ധര്‍ണ്ണ ഇരിക്കേണ്ടി വന്നു.

നിയമപരമായ കര്‍ത്തവ്യമാണ് അന്ന് സഞ്ജയ് ചെയ്തത് എന്ന ഉത്തമ ബോധ്യം സര്‍ക്കാറിന് ഉണ്ടായതു കൊണ്ടാണ് വീണ്ടും ഇപ്പോള്‍ അദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിയമിച്ചിരിക്കുന്നത്.

സംഘര്‍ഷ മേഖലകളില്‍ നേരിട്ടും വേഷം മാറിയും പോയി ക്രമസമാധാന പാലനം നടപ്പാക്കുന്ന ഈ ഐ.പി.എസുകാരന്‍ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പൊലീസ് യൂണിഫോമിട്ടാല്‍ എന്ത് റിസ്‌ക്ക് എടുക്കാനും തയ്യാറാണ് സജ്ഞയ് കുമാര്‍ ഗരുഡിന്‍.

Top