2000 രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തും, ചില്ലറ നല്‍കിയാല്‍ ഓടി രക്ഷപ്പെടും; പ്രതി പിടിയിൽ

കാളികാവ്: 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്തുന്ന കേസുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടികൂടി. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി മുണ്ടന്‍പറമ്പത്ത് സുധീഷിനെ (20) ആണ് കടയുടമയുടെയും കാളികാവ് വ്യാപാരി ഏകോപന സമിതി ഭാരവാഹികളുടെയും ഇടപെടലിലൂടെ കാളികാവ് പൊലീസ് പിടികൂടിയത്. ചില്ലറ വാങ്ങിയശേഷം 2000 രൂപ നോട്ട് നല്‍കാതെ ഓടി രക്ഷപെടുകയാണ് ചെയ്യുക.

കാളികാവ് പുറ്റമണ്ണയിലെ ഒരു കടയില്‍ മകനെ നര്‍ത്തി പിതാവ് വീട്ടില്‍ പോയ സമയത്താണ് 2000 രൂപയുമായി കടന്നത്. വിലകൂടിയ ബൈക്കുകള്‍ വാടകയ്ക്കെടുത്താണ് പ്രതി തട്ടിപ്പിന് എത്തുന്നത്. കാളികാവില്‍ കഴിഞ്ഞ മാസവും സമാന തട്ടിപ്പുകള്‍ നടന്നിരുന്നു.

മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ വണ്ടൂര്‍, കൊടുവള്ളി, എടവണ്ണ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ നോക്കിയാണ് കാളികാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ജോഷി ജോസഫ്, എസ്ഐമാരായ ടി.പി.മുസ്തഫ, എന്‍.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കാവന്നൂരില്‍ നിന്നു പിടികൂടിയത്.

 

Top