കാളിദാസ് ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

യുവ താരം കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കിടിലന്‍ ലുക്കിലാണ് കാളിദാസ് ഈ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തില്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ആട് മൂവി സീരിസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ് ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്. ആടിന് പുറമെ ആന്മരിയ കലിപ്പിലാണ്, അലമാര എന്നി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് മിഥുന്‍ തിരക്കഥയും രചിച്ചിരുന്നു. നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇത്തവണ മിഥുന്‍ ചിത്രമൊരുക്കുന്നത്.

അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ രസകരമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന അര്‍ജെന്റിന ഫാന്‍സ് കാട്ടൂര്‍ കടവ് നിര്‍മ്മിക്കുന്നത് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലും കാളിദാസ് ജയറാം ആണ് നായക വേഷം ചെയ്യുന്നത്. ആ ചിത്രവും ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ ഈ വര്‍ഷം ആണ് കാളിദാസ് നായകനായി അരങ്ങേറിയത്. ജിത്തു ജോസെഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ആണ് കാളിദാസ് ജയറാമിന്റെ അടുത്ത റിലീസ്. ആ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ആണ്.

Top