പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. ചിത്രം റിലീസിംങിന് ഒരുങ്ങുകയാണ്. എന്നാല്‍ ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന റിലീസിംങ് വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്.
അതിന് കാരണം മോഹന്‍ലാലിന്റെ പുലിമുരുകനാണെന്ന് തുറന്ന് സമ്മതിക്കുകയാണ് രവികുമാര്‍. ക്ഷമ ചോദിച്ചുകൊണ്ട് റിലീസിംങ് നീട്ടിവെച്ച കാര്യം രവികുമാര്‍ തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
ചിത്രത്തിന്റെ റിലീസ് നവംബര്‍ പകുതി കഴിഞ്ഞേ ഉണ്ടാകൂ, വേണമെങ്കില്‍ സാങ്കേതിക കാരണം എന്നൊക്കെ പറയാമെങ്കിലും സത്യം അതല്ല, പുലിമുരുകനോടുള്ള ബഹുമാനാര്‍ത്ഥമാണെന്ന് രവികുമാര്‍ പറയുന്നു.
പുലിയെ പേടിച്ചാണെന്ന് നിങ്ങള്‍ കളിയാക്കുമായിരിക്കും, അങ്ങനെയെങ്കില്‍ മോഹന്‍ലാലിനെ പേടിക്കുന്നത് അത്രവലിയ കുറ്റമൊന്നുമല്ല എന്നാണ് മറുപടി. രവികുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്തായാലും എന്തൊരു മഹാവിജയമാണ് ഈ മോഹന്‍ലാല്‍ ചിത്രം നേടിയിരിക്കുന്നതെന്ന് രവികുമാര്‍ ചോദിക്കുന്നു. തിരക്കഥാകൃത്ത് ഉദയകൃഷ്ണ, സംവിധായകന്‍ വൈശാഖന്‍, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറയുന്നു. പുലിമുരുകനെ തരംഗമാക്കിയ മഹാനടന് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തുന്നതായും രവികുമാര്‍ കുറിച്ചു.
ഇനിയും ഈ ചിത്രം കളക്ഷന്‍ നേടട്ടേയെന്നും ഈ കൊടുങ്കാറ്റിനിടയില്‍ ഞങ്ങളുടെ കൊച്ചു ചിത്രം ഒന്നുരണ്ടാഴ്ച നീട്ടിവെക്കുന്നതല്ലേ ഉചിതമെന്നും രവികുമാര്‍ പറയുന്നു. റിലീസ് ചെയ്യുമ്പോള്‍ പുലിമുരുകന്റെ ആരാധകരും ഞങ്ങളുടെ ചിത്രം കാണാന്‍ വരുമെന്നും പുലിമുരുകന് വളരെ ഇഷ്ടമാകുന്ന ചിത്രമാകും ഇതെന്നും രവികുമാര്‍ ചൂണ്ടിക്കാട്ടി.


