രേഖപ്പെടുത്തിയതിലും അധികം വോട്ടുകള്‍; കളമശ്ശേരിയില്‍ നാളെ റീ പോളിങ്

by election

കളമശ്ശേരി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കളമശ്ശേരിയില്‍ നാളെ റീപോളിങ്. കളമശ്ശേരി 83-ാം നമ്പര്‍ പോളിങ് സ്റ്റേഷനിലാണ് നാളെ റീ പോളിങ് നടക്കുന്നത്. ഈസ്റ്റ് കടുങ്ങല്ലൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ്.

വോട്ടര്‍മാര്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് 23ാം തിയതി നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ബൂത്തില്‍ ആകെയുള്ളത് 912 വോട്ടര്‍മാരാണ്. തിരഞ്ഞെടുപ്പു ദിവസം 716 പേര്‍ വോട്ടു ചെയ്യാനെത്തുകയും ചെയ്തു.

പോളിങ് അവസാനിച്ച ശേഷം വോട്ടിങ് യന്ത്രം പരിശോധിച്ചപ്പോള്‍ 758 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് റീഡിങ് ലഭിക്കുന്നത്. അതായത് 43 അധിക വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് കാണിക്കുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബൂത്തില്‍ റീപോളിങ് നടത്താനായി തീരുമാനിച്ചത്.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ആറിന് മോക് പോള്‍ നടത്തും. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പൊലീസും ഡ്യൂട്ടിയിലുണ്ടാകും. വോട്ടര്‍മാരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക.

Top