കളമശ്ശേരിയിലെ തീപിടുത്തം; കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി കളക്ടര്‍

 

എറണാകുളം: കളമശ്ശേരിയിലുണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. തീപിടുത്തമുണ്ടാകാന്‍ ഇടയായ സാഹചര്യം അറിയിക്കാന്‍ കിന്‍ഫ്രയ്ക്ക് കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചോയെന്നും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്നലെയാണ് കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയില്‍ രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. തീപിടുത്തം ഉണ്ടാവുമ്പോള്‍ സ്ഥലത്ത് ജോലിക്കാരുണ്ടായിരുന്നെങ്കിലും ഇവരെയൊക്കെ സുരക്ഷിതമായി മാറ്റുകയായിരുന്നു.

കിന്‍ഫ്രയിലെ കമ്പനി ആയതിനാല്‍ അടുത്ത് തന്നെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോ എന്നത് വ്യക്തമാകേണ്ടതുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള രാസവസ്തുക്കള്‍ കമ്പനിയില്‍ വന്‍ തോതില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറിയുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

 

 

Top