കളമശ്ശേരി ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത്; അന്വേഷണം ദുബായിലേക്ക് നീളും

കളമശ്ശേരി: കളമശ്ശേരി ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് മൊഴി നല്‍കി ഡൊമിനിക്ക് മാര്‍ട്ടിന്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്ഫോടനം നടത്തിയതിന്റെ തലേദിവസം പ്രതിയുടെ ഫോണിലേക്ക് രാത്രിയില്‍ ഒരു കോള്‍ വന്നതായി ഭാര്യ പോലീസിന് മൊഴി നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നല്‍കിയത്.

പിന്നാലെ വിദേശത്തെ മാര്‍ട്ടിന്റെ പരിചയക്കാരില്‍ നിന്നും ഇയാളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. ഇതിനിടെ എന്‍ഐഎ നടത്തിയ പ്രാഥമിക പരിശോധനയിലും കൂടുതല്‍ കണ്ടെത്തലുകളില്ലെന്നാണ് വിവരം. പ്രതി മാര്‍ട്ടിന്‍ തന്നെയെന്ന നിഗമനത്തിലാണ് ഏജന്‍സി. കേസ് ഔദ്യോഗികമായി ഏറ്റെടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.

ഇതിനിടെ സ്ഫോടനം നടത്തിയതിന്റെ തലേദിവസം മാര്‍ട്ടിന്റെ ഫോണിലേക്ക് രാത്രിയില്‍ ഒരു കോള്‍ വന്നതായി ഭാര്യ പോലീസിന് മൊഴി നല്‍കി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്ഫോടനം നടന്നതോടെയാണ് ഇക്കാര്യം താന്‍ വീണ്ടും ഓര്‍ത്തതെന്നും മൊഴിയിലുണ്ട്. മാര്‍ട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Top