കളമശ്ശേരിയിലെ സ്‌ഫോടനം; 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി, പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും

കൊച്ചി: കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. പൊട്ടിത്തെറിയില്‍ പരിക്കേറ്റ 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.

കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. കോട്ടയത്തെ ബേണ്‍സ് യൂണിറ്റും സജ്ജമാണ് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയാണ് ഹാളിന്റെ നാലുഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഫോടന സാധ്യതയുള്ള വസ്തുക്കളൊന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രാഥമിക വിവരങ്ങള്‍ പൊലീസും പങ്കുവച്ചിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ സ്ഥലത്തെത്തും.

Top