കളമശ്ശേരി സ്‌ഫോടന കേസ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ആണ് തീരുമാനം. സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. അഞ്ച് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി. ഈ മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് മാര്‍ട്ടിന്‍. താന്‍ സ്വന്തമായി കേസ് നടത്താമെന്നാണ് ഇയാള്‍ പറയുന്നത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ പ്രതി പ്രശംസിക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥര്‍ പത്ത് ദിവസമെടുത്താണ് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയത്. ഡൊമിനിക് മാര്‍ട്ടിന് എതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Top