നീന പ്രസാദിന്റെ നൃത്തം തടസപ്പെട്ട സംഭവം; കോടതിയലക്ഷ്യ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്: കലാം പാഷ

പാലക്കാട്: ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിലെ അഭിഭാഷകരുടെ സമരത്തെ വിമര്‍ശിച്ച് പാലക്കാട് ജഡ്ജി കലാം പാഷ.

അഭിഭാഷകരുടെ സമരം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കലാം പാഷ പറഞ്ഞു. ‘നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാല്‍ ഏറ്റവും വേദനിക്കുന്നത് ഞാനായിരുന്നു’- കലാം പാഷ പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവരാണ് നിയമം ലംഘിക്കുന്നതെന്നും കോടതിയലക്ഷ്യ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കലാം പാഷ ചൂണ്ടിക്കാട്ടി. അഭിഭാഷകരും ന്യായാധിപരും നാണയത്തിന്റെ ഒരു വശമാണെന്നും കലാം പാഷ പറഞ്ഞു.

പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലക്കാട് ഗവ.മോയന്‍ എല്‍.പി.സ്‌കൂളില്‍ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിര്‍ദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

 

Top