കരുണാനിധിയുടെ സംസ്കാരം ആറു മണിക്ക് മറീന ബീച്ചില്‍ ; വിലാപയാത്ര തുടങ്ങി

M Karunanidhi

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. രാജാജി ഹാളില്‍നിന്ന് നാലുമണിക്കാണു വിലാപയാത്രയ്ക്കു തുടക്കമായത്. വൈകിട്ട് ആറിന് മറീന ബീച്ചില്‍ അണ്ണാ സമാധിക്കുസമീപമാണ് കരുണാനിധിയുടെ സംസ്‌കാരം.

അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

M Karunanidhi

അര്‍ധരാത്രിയും പകലും നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുമതി ലഭിച്ചത്. പൊതുദര്‍ശനത്തിനുള്ള സമയം അവസാനിക്കുമ്പോഴും ആയിരങ്ങളാണ് തങ്ങളുടെ തലൈവരെ ഒരുനോക്കുകാണാനായി കാത്തിരിക്കുന്നത്.

കലൈഞ്ജര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതല്‍തന്നെ പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് രാജാജി ഹാളിന് മുന്നില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത് സ്ഥിതി വഷളാക്കി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

karunanidhi11

ഇന്നലെ വൈകുന്നേരമാണ് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) കുലപതി കരുണാനിധി മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Top