കാലടി വിസി നിയമന വിഷയം ചാന്‍സലറും കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലടി വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വി സി നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണര്‍ക്ക് വന്ന മാറ്റത്തിന്റെ കാര്യം അറിയില്ല. വിഷയം ചാന്‍സലറും കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

‘ഏകകണ്ഠമായാണ് സെര്‍ച്ച് കമ്മിറ്റി വി സി സ്ഥാനത്തേക്കുള്ള പേര് കണ്ടെത്തിയത്. വന്ന ആളുകളില്‍ ഏറ്റവും മികവുറ്റ അക്കാദമിക് വിദഗ്ധന്‍ എന്ന നിലയ്ക്കാണ് ഒരു പേരില്‍ അവര്‍ എത്തിയത്. അത് സ്വഭാവികമായും ചാന്‍സലറുമായി സംസാരിച്ചു. അങ്ങനെ വന്നപ്പോള്‍ ഇതിനകത്ത് ഒരു പാനല്‍ വേണ്ടേ എന്ന ചിന്ത വന്നു.

പാനല്‍ നല്‍കുന്നതിന് വേണ്ടി കമ്മിറ്റി അംഗങ്ങള്‍ വീണ്ടും ആലോചന നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പാനല്‍ തയ്യാറാക്കുന്ന നീക്കത്തിലേക്ക് അവര്‍ കടന്നു. ഞാന്‍ കേട്ടത് ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളോട് അത് മന്ത്രിയല്ല ഈ പാനല്‍ വേണ്ട പേര് തന്നാല്‍ മതിയെന്ന് പറഞ്ഞുവെന്നാണ്. അങ്ങനെയാണ് ഏകകണ്ഠമായി പേര് കണ്ടെത്തിയത്. എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വൈസ് ചാന്‍സലറുടെ അധികാരം കവര്‍ന്നെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരിടപെടലും ഉണ്ടായിട്ടില്ല. ഇനിയുണ്ടാവുകയുമില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനിടെ കലാമണ്ഡലം വൈസ് ചാന്‍സലറെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായി നല്‍കിയ കേസ് പിന്‍വലിക്കാന്‍ വി സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top