kalabhavana-mani-death-lab-report

തൃശൂര്‍ : കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാടിയിലെ പറമ്പില്‍ നിന്ന് ലഭിച്ച രണ്ട് കീടനാശിനി കുപ്പികള്‍ താന്‍ വാങ്ങിയതാണെന്ന് ഭാര്യാപിതാവ് സുധാകരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇന്നലെ വീണ്ടും സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ് പറമ്പില്‍ നിന്ന് കണ്ടെടുത്ത കീടനാശിനി താന്‍ വാങ്ങിയതാണെന്നും കൃഷി ആവശ്യത്തിന് ആയിരുന്നു ഇതെന്നുമാണ് മൊഴി നല്‍കിയത്.

മണിയുടെ ഭാര്യാപിതാവ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കീടനാശിനി വാങ്ങിയതായി കടക്കാരന്‍ പോലീസിന് വിവരം നല്‍കിയത് നേരത്തെ Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സുധാകരന്റെ മൊഴിയെടുപ്പ് വൈകിട്ട് വരെ നീണ്ടു. പോലീസ് കണ്ടെടുത്ത രണ്ട് കുപ്പിയില്‍ ഒന്ന് പൊട്ടിക്കാത്ത നിലയിലും മറ്റൊന്ന് 5 മില്ലിയോളം നഷ്ടപ്പെട്ട നിലയിലുമായിരുന്നു.

സാധാരണ വാഴക്കും മറ്റും കീടനാശിനി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ അളവ് വേണമെന്നിരിക്കെ വെറും 5 എം.എല്‍ ഓളം മാത്രം നഷ്ടപ്പെട്ടനിലയില്‍ കണ്ടത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. മണിയെ ചികിത്സിച്ച അമൃത ആശുപത്രിയില്‍ നടത്തിയ ടോക്‌സിക്കോളജി പരിശോധനയില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും കെമിക്കല്‍ പരിശോധനയില്‍ ക്ലോര്‍വൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

രണ്ട് റിപ്പോര്‍ട്ടില്‍ ഏതാണ് യാഥാര്‍ത്ഥ്യം എന്നറിയാന്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് വിദഗ്ധ പരിശോധനക്കായി നല്‍കി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

അന്തിമ തീരുമാനത്തിലെത്താന്‍ ആന്തരികാവയവങ്ങളുടെ പുനഃപരിശോധന റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കുമെങ്കിലും മരണവുമായി ബന്ധപ്പെട്ട ,സംശയങ്ങള്‍ ദുരീകരിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി തന്നെ തുടരുകയാണ്.

കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥിതിക്ക് ഇത് എങ്ങനെയുണ്ടായി എന്ന് കണ്ടെത്താതെ പോലീസിന് കസ്റ്റഡിയിലുള്ളവരെ വിടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. 24 മണിക്കൂറില്‍ കൂടുതല്‍ ഒരാളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നിരിക്കെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് അന്വേഷണ സംഘം നടത്തുന്നതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ ഹൈദരാബാദിലെ ലാബ് റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍.

വിദഗ്ധ പരിശോധനയില്‍ മണിയുടെ ശരീരത്തിനകത്ത് ചെന്ന കീടനാശിനിയുടെ അളവ് എത്രയാണെന്ന് കണ്ടെത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്.നിശ്ചിത അളവില്‍ കൂടുതല്‍ കണ്ടാല്‍ അത് കേസില്‍ വഴിത്തിരിവാകും.

അങ്ങിനെയെങ്കില്‍ ചാരായം വാറ്റുമ്പോള്‍ വീര്യം കൂട്ടാന്‍ ചേര്‍ത്ത കീടനാശിനിയാണോ, അതോ പറമ്പില്‍ നിന്ന് കണ്ടെടുത്ത കീടനാശിനി മണി സ്വന്തമായോ അല്ലെങ്കില്‍ മറ്റാരെങ്കിലും നല്‍കിയോ എന്ന കാര്യവും പോലീസിന് കണ്ടെത്തേണ്ടി വരും.

അതേസമയം, രാജ്യത്തെ തന്നെ മികച്ച ആധുനിക സംവിധാനങ്ങളുള്ള അമൃത ഹോസ്പിറ്റലിനും ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. കീടനാശിനി ഉള്ളില്‍ ചെന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മണിയെ ചികിത്സിച്ച അമൃതയിലെ ഡോക്ടര്‍മാര്‍ മറുപടി പറയേണ്ടി വരും. അമൃതയിലെ ലാബിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടും. മറിച്ചായാല്‍ കാക്കനാട്ടെ കെമിക്കല്‍ ലാബോറട്ടറി അധികൃതരാവും പ്രതിക്കൂട്ടിലാവുക.

Top