ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം : സി​ബി​ഐ നു​ണ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നുണപരിശോധന ആരംഭിച്ചു. ചെന്നൈയിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എറണാകുളം കതൃക്കടവിലുള്ള സിബിഐയുടെ ഓഫീസിലാണ് നുണപരിശോധന നടത്തുന്നത്. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം.ജി. വിപിന്‍, സി.എ. അരുണ്‍ എന്നിവരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കേസില്‍ ഏഴു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് കോടതി സിബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്. മണിയുടെ മറ്റു സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍, നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരെ അടുത്ത ദിവസം നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇവര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നടത്തുന്ന സിബിഐ ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത്.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Top