kalabhavan mani-pesticide-father-in-law

തൃശൂര്‍: കലാഭവന്‍ മണിയുടെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെടുത്ത കീടനാശിനി വാങ്ങിയത് ഭാര്യാ പിതാവ് സുധാകരന്‍ ?

മണിയെ അവശ നിലയില്‍ കാണപ്പെട്ട പാടിയിലെ പറമ്പ് കിളച്ചപ്പോള്‍ രണ്ട് കീടനാശിനി കുപ്പികളാണ് ലഭിച്ചിരുന്നത്. അതില്‍ ഒരു കുപ്പിയില്‍ അഞ്ച് മില്ലിയോളം ഉപയോഗിച്ചിട്ടുണ്ട്. മറ്റേ കുപ്പിയിലേതാവട്ടെ ഒട്ടും എടുത്തിട്ടുമില്ല.

ജാതിത്തോട്ടത്തില്‍ നിന്ന് കണ്ടെടുത്ത ഈ കീടനാശിനി കുപ്പികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാകാം എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ മണിയുടെ ഭാര്യാപിതാവായ സുധാകരന്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കീടനാശിനി വാങ്ങിയിട്ടുണ്ടെന്ന വിവരം കടക്കാരന്‍ പറഞ്ഞത് പോലിസിനെ ഞെട്ടിച്ചിട്ടുണ്ട്.

ചാരായം വാറ്റുന്ന സമയത്ത് വീര്യം കൂട്ടാന്‍ കലര്‍ത്തിയ കീടനാശിനിയല്ല അപായകാരണമെന്ന് തെളിഞ്ഞാല്‍ മണിയുടെ ഭാര്യാപിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കാനാണ് സാധ്യത.

കലാഭവന്‍ മണിയുടെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഭാര്യ വീട്ടുകാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും പോലിസിന് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്.

മണിയുടെ മാനേജരായ ജോബിയുടെ ലിവര്‍സംബന്ധമായ രോഗം ഭേദമാക്കാന്‍ ഒരു കോടി രൂപയോളമാണ് മണി ചിലവഴിച്ചിരുന്നത്. നടന്‍ സലിം കുമാറിന്റെ ചികിത്സ ആവശ്യാര്‍ത്ഥവും, ദേശിയ അവാര്‍ഡ് നേടിയതിന് നല്‍കിയ സ്വീകരണത്തിനുമായി പത്ത്‌ലക്ഷം രൂപയും മണി നല്‍കിയിരുന്നു. ഇതടക്കം ഭീമമായൊരു തുക പലര്‍ക്കായി മണി വഴിവിട്ട് ചിലവഴിച്ചതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു ഭാര്യാവീട്ടുകാരെന്നാണ് ലഭിക്കുന്ന സൂചന.

സിനിമയിലെ ക്ലൈമാക്‌സിനുമപ്പുറം ‘ഇരട്ട ക്ലൈമാക്‌സിലേക്കാണ്’ ഇപ്പോള്‍ കാര്യങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്.

അതേസമയം, കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കീടനാശിനി വാങ്ങിയ കാര്യം ഭാര്യാപിതാവ് സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. ഈ കീടനാശിനി തന്നെയാണോ പാടിയിലെ പറമ്പില്‍ നിന്ന് കണ്ടെടുക്കപ്പെട്ടത് എന്നതാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുന്നത്.

മണിയുടെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് പാഡിയിലെ റസ്റ്റ് ഹൗസ് എന്നിരിക്കെ മണി ഫെബ്രുവരി 20ന് ശേഷം വീട്ടില്‍ വരികയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന ഭാര്യ നിമ്മിയുടെ മൊഴിയും ഗൗരവമായാണ് പോലീസ് കാണുന്നത്. ജനുവരിക്ക് ശേഷം രണ്ടോ മൂന്നോ തവണ മാത്രമേ മണി വീട്ടില്‍ വന്നിട്ടുള്ളൂ എന്നും പൊലീസ് കണ്ടെത്തി. ഒന്നോ രണ്ടോ പ്രോഗ്രാമുകള്‍ക്ക് പോയതൊഴികെയുള്ള ദിവസങ്ങളിലെല്ലാം മണി റസ്റ്റ് ഹൗസിലുണ്ടായിരുന്നു.

Top