kalabhavan mani-death-mystry-police -enquiry

തൃശൂര്‍; ചാരായ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതോടെ കുടില്‍ വ്യവസായമായി വ്യാജമദ്യ നിര്‍മ്മാണം നടക്കുന്നുണ്ടെന്നതിന്റെ തെളിവായി കലാഭവന്‍ മണിയുടെ മരണം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന എക്‌സൈസ്-ആഭ്യന്തര വകുപ്പുകളെ പ്രതിക്കൂട്ടിലാക്കുന്നതാണ് രാസപരിശോധനാ ഫലവും പോലീസിന്റെ കണ്ടെത്തലുകളും.

വ്യാജ ചാരായം കഴിച്ചതാണ് കടുത്ത കരള്‍ രോഗബാധിതനായ മണിയുടെ ജീവന്‍ അപഹരിച്ചതെന്ന് വ്യക്തമാകുന്നതോടെ സംസ്ഥാന സര്‍ക്കാരും പ്രതിക്കൂട്ടിലാകും. ഇതൊഴിവാക്കാനാണ് കീടനാശിനിയില്‍ അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നും ആരോപണമുണ്ട്.

രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനി സാന്നിധ്യം ചാരായത്തിന് വീര്യം കൂട്ടാന്‍ ഉപയോഗിക്കുന്നതാണെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടും ആത്മഹത്യ-കൊലപാതക സാധ്യതകള്‍ ‘പരിശോധിച്ച്’ പുകമറ സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

അതീവ സന്തോഷവാനായി കാണപ്പെട്ട മണി ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നതും മണിയുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തില്‍ ശത്രുത സുഹൃത്തുക്കളില്‍ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നതും ഈ രണ്ട് സാധ്യതകളുടേയും വഴി അടയ്ക്കുന്നതാണ്.

വ്യാജ ചാരായം മണി അമിതമായി കഴിച്ചതിനാല്‍ നിലവില്‍ കരള്‍ രോഗമുള്ളതിനാല്‍ ജീവന്‍ അപകടത്തിലാക്കിയതാകാമെന്ന നിഗമനമാണ് ഇവിടെ വിശ്വാസയോഗ്യമാകുന്നത്.

നിരോധിക്കപ്പെട്ട ചാരായം കഴിച്ചുവെന്ന് പറഞ്ഞാല്‍ കൂട്ടുപ്രതിയാകുമെന്ന് കണ്ടാണ് സംഭവ ദിവസം മണിക്കൊപ്പമുണ്ടായിരുന്നവരില്‍ പലരും ബിയര്‍ ആണ് കഴിച്ചതെന്ന് പറയുന്നതെന്നാണ് പോലീസും കരുതുന്നത്.

മദ്യം കഴിച്ചിട്ടില്ലെന്ന് പറയുന്നവരില്‍ പലരും മദ്യം കഴിച്ചതായി ഇതിനകം തന്നെ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

വ്യാജചാരായം പാടിയിലെ വസതിയില്‍ കൊണ്ടുവന്നുവെന്ന് തെളിഞ്ഞതിനാല്‍ മണിയോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത നടന്മാരടക്കമുള്ള മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കേണ്ടി വരും. പ്രേരണാക്കുറ്റത്തിനും മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും അബ്കാരി ആക്ട്പ്രകാരവുമാണ് കേസ് നിലനില്‍ക്കുക. ഇതില്‍ അബ്കാരി ആക്ട് പ്രകാരം ആറുപേര്‍ക്കെതിരെ ഇതിനകം തന്നെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതോടെ കടുത്ത നടപടികളുണ്ടാവുമെന്നാണ് പോലീസ് ഭാഷ്യം!

Top