kalabhavan mani-death-mystry-police-arrested-three-persons

തൃശൂര്‍ : കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരെ കോടതിയില്‍ ഹാജരാക്കാതെ പോലീസിന്റെ ഒളിച്ചുകളി

സംഭവ ദിവസം മണിയോടൊപ്പം പാടിയില്‍ ഉണ്ടായിരുന്ന മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരാണ് അഞ്ച് ദിവസത്തോളമായി പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാലോ കസ്റ്റഡിയിലെടുത്താലോ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന നിയമമാണ് ഇവിടെ പോലീസ് ലംഘിച്ചിരിക്കുന്നത്.

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അത് എവിടെയാണെന്നതും ദുരൂഹമാണ്.

മണിയെ അവശനിലയില്‍ ആശുപത്രിയിലാക്കിയതിന് ശേഷം പാടി വൃത്തിയാക്കിയവരാണ് ഇപ്പോള്‍ പിടിയിലായവര്‍. വ്യാജചാരായം കഴിച്ചാണ് മണി മരിച്ചതെന്ന വാദം ശക്തമായിരിക്കെ അബ്കാരി ആക്ട് പ്രകാരം മാത്രമല്ല മണിയുടെ മരണത്തിന് കാരണമായ ചാരായം നല്‍കിയതിന് പ്രേരണാ കുറ്റത്തിനും നിലവില്‍ കേസ് നിലനില്‍ക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വ്യാജ ചാരായം കഴിച്ചതുകൊണ്ടാണ് മണി മരണപ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് അത് തിരിച്ചടിയാവുമെന്നതിനാല്‍ ഭരണതലത്തിലെ ചില ഇടപെടലുകള്‍ അണിയറയില്‍ നടക്കുന്നതായും ആരോപണമുണ്ട്.

യു.ഡി.എഫ് സര്‍ക്കാര്‍ കണ്ണൂരിലേക്ക് പ്രത്യേക ‘ദൗത്യത്തിനായി’ എസ്.പി യായി നിയമിച്ചിരുന്ന ഉണ്ണിരാജനെയാണ് പുതുതായി കേസന്വേഷണ ചുമതല ഏല്‍പ്പിച്ചതെന്നും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. നിലവില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി യാണ് ഉണ്ണിരാജന്‍.

കേസ് ക്രൈംബ്രാഞ്ചിന് നല്‍കാതെ ക്രൈംബ്രാഞ്ച് എസ്.പി ക്ക് അന്വേഷണ ചുമതല നല്‍കിയതും അസാധാരണ നടപടിയാണ്. നടപടികള്‍ വൈകിപ്പിക്കുക, അല്ലെങ്കില്‍ അട്ടിമറിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ നീക്കമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കലാഭവന്‍ മണിയുടെ സഹോദരനും ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

Top