kalabhavan-mani-death-channels-combetition

കൊച്ചി: കലാഭവന്‍ മണിയുടെ മരണവും ചാനല്‍കിട മത്സരത്തിന് വേദിയായപ്പോള്‍ ചാനല്‍ റേറ്റിങ്ങില്‍ കുതിച്ചുയര്‍ന്നത് കൈരളി പീപ്പിള്‍ ടി.വി

റേറ്റിങ്ങില്‍ ഏറെ പിറകിലായിരുന്ന പീപ്പിള്‍ ടിവിക്ക് മണിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവിട്ട ഫയല്‍ വിഷ്വല്‍സും ഫയല്‍ പ്രോഗ്രാമുകളുമാണ് പിടിവള്ളിയായത്.

കൈരളി ടിവി എം.ഡി. ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ പുനഃസംപ്രേക്ഷണമാണ് ഇതില്‍ പ്രധാനം.

വാര്‍ത്താ മാധ്യമ രംഗത്ത് ഒന്നാം സ്ഥാനക്കാരായ ഏഷ്യാനെറ്റിന്റെ തൊട്ടടുത്താണ് കേന്ദ്ര വാര്‍ത്താ മന്ത്രാലയത്തിന്റെ ബാര്‍കോ റേറ്റിങ്ങില്‍ പീപ്പിള്‍ ടിവി മണിയുടെ മരണശേഷമുള്ള ദിവസങ്ങളില്‍ എത്തിയത്.

ഇതോടെയാണ് മണിയെ കൂടുതല്‍ ‘സെന്‍സേഷനാക്കാന്‍’ ചാനലുകള്‍ തമ്മില്‍ കിടമത്സരം തുടങ്ങിയത്. മീഡിയാ വണിന്റെ പേരില്‍ മണിയുടെ മരണത്തില്‍ രണ്ട് സിനിമാ താരങ്ങളെ പ്രതികൂട്ടിലാക്കി പ്രചരിച്ച വ്യാജ വാട്‌സ്അപ്പ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത മണിയുടെ സഹോദരന്‍ എ.എന്‍.രാമകൃഷ്ണനാണ് ആദ്യം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നത്.

തൊട്ടു പിന്നാലെ വന്ന കെമിക്കല്‍ റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന വിവരം കൂടി ലഭിച്ചതോടെ ഒ.ബി. വാനുകളുമായി തൃശൂരില്‍ നിന്നും എറണാകുളത്തു നിന്നും ചാനല്‍പ്പട മണിയുടെ ഔട്ട്ഹൗസായ ‘പാടി’ യിലേക്ക് ഒഴുകുകയായിരുന്നു.

രാസ പരിശോധന റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്റെ കയ്യിലെത്തും മുന്‍പ് ചോര്‍ത്താനും പീപ്പിള്‍ ചാനലിന്റെ പിന്നിലായി പോയ പ്രമുഖ ചാനല്‍ മിടുക്കുകാട്ടി.

Top