പ്രശസ്ത മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി : പ്രശസ്ത മിമിക്രി താരവും സിനിമാ നടനുമായ കലാഭവന്‍ അബി അന്തരിച്ചു.

രക്തത്തില്‍ പ്ലേറ്റ്ലേറ്റ് കുറയുന്ന അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാളെയാണ് സംസ്കാരം.

മൃതദേഹം എളമക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും. കബറടക്കം മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും.

ഇന്ന് രാവിലെ നാല് മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അബിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലൂടെയാണ് മിമിക്രിയിലും സിനിമയിലും അറിയപ്പെട്ടത്.

കലാഭവന്‍, കൊച്ചിന്‍ സാഗര്‍, ഹരിശ്രീ എന്നീ പ്രമുഖ ട്രൂപ്പുകളില്‍ അംഗമായിരുന്നു. നയം വ്യക്തമാക്കുന്നു ആണ് ആദ്യ സിനിമ.

രണ്ടുവർഷം എംജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മകന്‍ ഷെയിന്‍നിഗം അറിയപ്പെടുന്ന യുവനടനാണ്. സുനിലയാണ് ഭാര്യ. അഹാന, അലീന എന്നിവരും മക്കളാണ്.

മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു.

‘ദേ മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയായിരുന്നു.

മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍ എന്നിങ്ങനെ അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാപ്പി വെഡ്ഡിങ് ആണ് അവസാന ചിത്രം.

Top