കാജോളിന് 44-ാം പിറന്നാള്‍; ഹെലികോപ്റ്റര്‍ ഈലയുടെ ട്രെയിലര്‍ ഇന്നെത്തും

kajol

ബോളിവുഡ് സുന്ദരി കാജോളിന് ഇന്ന് 44-ാം ജന്മദിനം. കാജോളിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ ട്രെയിലറും ഇന്ന് തന്നെയാണ് പുറത്തുവിടുന്നത്. ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജോള്‍ അമ്മയുടെയും ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. കാജോളിന്റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്ന് അജയ് ദേവ്ഗണ്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ബേകുഡി, ബാസിഗര്‍, ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേങ്കേ, കുച് കുച് ഹോതാ ഹെ, എന്നിവയാണ് കാജോളിന്റെ ഹിറ്റ് ചിത്രങ്ങള്‍. തന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കാജോളിന്റെ തിരഞ്ഞെടുപ്പുകളെല്ലാം വിജയം കണ്ടിരുന്നു. 1994ല്‍ ഗുണ്ടരാജ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അജയ് ദേവ്ഗണുമായി പരിചയത്തിലായത്. 1999 ഫെബ്രുവരി 24ന് ഇവരുടെ വിവാഹം നടന്നു. ന്യാസ, യുഗ് ഇവരുടെ മക്കളാണ്.

പ്രദീപ് സര്‍ക്കാരാണ് ഹെലികോപ്റ്റര്‍ ഈല സംവിധാനം ചെയ്യുന്നത്. മിതേഷ് ഷായാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്. കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു. സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍.

Top