രേവതിയുടെ സംവിധാനത്തിൽ കാജോള്‍; ആമിർ ഖാൻ അതിഥി വേഷത്തിൽ ; ‘സലാം വെങ്കി’ ട്രെയിലർ

ലച്ചിത്ര താരം രേവതിയുടെ സംവിധാനത്തിൽ കാജോൾ നായികയായി എത്തുന്ന ചിത്രം ‘സലാം വെങ്കി’യുടെ ട്രെയിലർ ഇറങ്ങി. തളർന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും.

സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. ‘സുജാത’ എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് ‘സുജാത’. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. വിശാൽ ജേത്വ ചിത്രത്തിൽ സുജാതയുടെ മകനായി എത്തുന്നു.

അഹാന കുമ്ര, രാജീവ് ഖണ്ഡേൽവാൾ, രാഹുൽ ബോസ്, പ്രകാശ് രാജ്, അനന്ത് മഹാദേവൻ, പ്രിയാമണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ.

11 വർഷത്തിന് ശേഷം രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. ‘മിത്ര് മൈ ഫ്രണ്ട്’ ഇംഗ്ലീഷിലും ‘ഫിര്‍ മിലേംഗ’ ഹിന്ദിയിലും ഫീച്ചര്‍ സിനിമയായി സംവിധാനം ചെയ്‍ത രേവതി ‘കേരള കഫേ’ (മലയാളം), ‘മുംബൈ കട്ടിംഗ്’ (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.

Top