‘ആര്‍ഡിഎക്സി’ല്‍ സംഗീതം ഒരുക്കാൻ കൈതി, വിക്രം വേദ സംഗീത സംവിധായകൻ സാം സി എസ്

ലയാളത്തിന്റെ യുവതാരങ്ങളായ ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവർ ഒന്നിച്ചെത്തുന്ന ആക്ഷൻ ചിത്രമാണ് ‘ആര്‍ഡിഎക്സ്’. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ‘റോബര്‍ട്ട്’, ‘ഡോണി’, ‘സേവ്യര്‍’ എന്നിവരാണ് ‘ആര്‍ഡിഎക്സി’ലെ പ്രധാന കഥാപാത്രങ്ങള്‍. ഈ പേരുകളുടെ ചുരുക്കമാണ് ആർഡിഎക്സ്. ഇപ്പോഴിതാ ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത് ‘കൈതി’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത നൽകിയ സാം സി എസ് ആണെന്ന വിവരമാണ് പുറത്തുന്നിരിക്കുന്നത്.

മോഹൻലാൽ നായകനായി എത്തിയ ഒടിയനാണ് സാം നേരത്തെ സംഗീതം ഒരുക്കിയ മലയാളം ചിത്രം. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷെയ്‍ൻ നിഗം ‘റോബർട്ടി’നേയും, ആന്റണി വർഗീസ് ‘ഡോണി’യേയും നീരജ് മാധവ് ‘സേവ്യറി’നേയും അവതരിപ്പിക്കുന്നു. മഹിമാ നമ്പ്യാർ, ഐമ റോസ്മി എന്നീ രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. മാലാ പാർവ്വതി, നിഷാന്ത് സാഗർ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – ഷബാസ് റഷീദ് – ആദർശ് സുകുമാരൻ. ‘കൈതി’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്.ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ മനു മഞ്ജിത്തിന്റേതാണ് വരികൾ, അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം – പ്രശാന്ത് മാധവ്. കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്. നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂർ ജോസ്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച ആളാണ് ‘ആര്‍ഡിഎക്സ്’ ഒരുക്കുന്ന നഹാസ്. ‘കളർ പടം’ എന്ന ഒരു ഷോർട്ട് ഫിലിം സഹാസിന്റേതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top