സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.

ഇരുപതിലേറെ ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്.

കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കരിനീലക്കണ്ണഴകീ (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1963 ല്‍ കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍നിന്നു ഗാനഭൂഷണം പാസായിട്ടുണ്ട്. ഭാര്യ:ഗൗരിക്കുട്ടി. മക്കള്‍: അദിതി, നര്‍മദ, കേശവ്.

Top