kairali reports vellapally and group was trying to join udf

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിനു മുന്‍പു യു ഡി എഫിലേക്ക് ചേക്കേറാന്‍ വെള്ളാപ്പള്ളിയും സംഘവും തയ്യാറെടുക്കുന്നതായി സി പി എം അനുകൂല കൈരളി ഓണ്‍ലൈന്‍.

നീക്കത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുമായി വെള്ളാപ്പള്ളി പ്രാഥമിക ചര്‍ച്ച നടത്തിയതായും കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബി ഡി ജെ എസ് രൂപീകരിച്ച് എന്‍ ഡി എ യുമായി കൂട്ടുചേര്‍ന്ന വെള്ളാപ്പള്ളിക്ക് പ്രതീക്ഷിച്ച ‘ഫലം’ അവിടെ നിന്നും ലഭിക്കാത്തത് കൊണ്ടാണത്രെ ഈ മനംമാറ്റം.

മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കുക എന്ന ലക്ഷ്യം നടക്കാതെ പോയതും, പ്രതീക്ഷിച്ച മറ്റു സ്ഥാനങ്ങള്‍ ലഭിക്കാതിരുന്നതുമാണ് കൂട് മാറ്റത്തിന് കാരണമായി കൈരളി ചൂണ്ടി കാട്ടുന്നത്.

എന്‍ ഡി എ യും ബിജെപിയും വാക്ക് പാലിച്ചില്ലന്നും നന്ദികേട് കാട്ടിയെന്നും തുറന്നു പറഞ്ഞ് രംഗത്ത് വന്നതിനു ശേഷമാണ് വെള്ളാപ്പള്ളി യുഡിഎഫ് പ്രവേശനം നടത്തുന്നതിനായ ശ്രമം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം പ്രഖ്യാപിത ‘ശത്രുവായ ‘ വി എം സുധീരന്‍ കെപിസിസി പ്രസിഡന്റു സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചപ്പോള്‍ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയതും വെള്ളാപ്പള്ളിയായിരുന്നു. ഇനി മുതല്‍ കോണ്‍ഗ്രസ്സിനു നല്ല കാലം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

കെ പി സി സി പ്രസിഡന്റ് പദവിക്ക് കോണ്‍ഗ്രസിലെ എ വിഭാഗം ശക്തമായ ശ്രമം നടത്തുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളാപ്പള്ളി കണ്ടതില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം തന്നെയാണുള്ളതെന്നാണ് കൈരളിയുടെ റിപ്പോര്‍ട്ട്.

കേരളത്തില്‍ ബിജെപിയുടെ അടിത്തറ ബി ഡി ജെ എസ് ആണെന്നും ബി ഡി ജെ എസ് അല്ലാതെ വേറെ ആരു ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മുന്‍പ് വെള്ളാപ്പള്ളി ചോദിച്ചതും റിപ്പോര്‍ട്ടില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ബി ജെ പി മുന്നണി വിട്ടു വന്നാലും ഇടതുപക്ഷം വെള്ളാപ്പള്ളിയെയും സംഘത്തെയും സ്വീകരിക്കില്ല എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നത് കൂടിയാണ് സി പി എം അനുകൂല വാര്‍ത്താ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്.

Top