Kaipamangalam- congress- RSP

തിരുവനന്തപുരം: കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുത്ത് പയ്യന്നൂര്‍ ആര്‍.എസ്.പിക്ക് നല്‍കാന്‍ സീറ്റ് വിഭജനത്തില്‍ ധാരണ. എന്നാല്‍, തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക ഘടകം ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു.

മണ്ഡലം കമ്മിറ്റിപോലുമില്ലാത്ത പാര്‍ട്ടിക്ക് എങ്ങനെയാണ് പയ്യന്നൂരില്‍ സീറ്റ് കൊടുക്കുകയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. തീരുമാനത്തിനെതിരെ പയ്യന്നൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എതിര്‍പ്പ് ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ആവശ്യമെങ്കില്‍ കയ്പമംഗലം നല്‍കാമെങ്കിലും പകരം സീറ്റ് വേണമെന്ന് ആര്‍.എസ്.പി ആവശ്യമുന്നയിച്ചിരുന്നു. കയ്പമംഗലത്ത് ആര്‍.എസ്.പി നിശ്ചയിച്ച സ്ഥാനാര്‍ഥി നൂറുദ്ദീന്‍ പിന്‍മാറിയതോടെയാണ് സീറ്റ് തര്‍ക്കം തീരുമാനമാകാതെ പോയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആര്‍.എസ്.പി. സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്.

കയ്പമംഗലം ആവശ്യപ്പെട്ട സീറ്റല്ലെന്നും കോണ്‍ഗ്രസ് നല്‍കിയതാണെന്നുമുള്ള നിലപാടിലാണ് ആര്‍.എസ്.പി നേതാക്കള്‍. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശോഭ സുബിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Top