കൈലാസ യാത്രക്കിടെ ഹിമാലയത്തില്‍ കുടുങ്ങി; 14 മലയാളികളെയും തിരിച്ചെത്തിച്ച് ഇന്ത്യന്‍ എംബസി

കൊച്ചി: കൈലാസ തീര്‍ത്ഥയാത്രക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തില്‍ കുടുങ്ങിയ മലയാളികള്‍ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. 14 മലയാളികളാണ് മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ കേരളത്തില്‍ തിരിച്ചെത്തിയത്. എംബസി അയച്ച പ്രത്യേകം ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ഇവരെ തിരിച്ചെത്തിച്ചത്.

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് 48 അംഗ സംഘം കൈലാസത്തിലേക്ക് തിരിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാണ് യാത്ര തിരിച്ചത്. എന്നാല്‍ തിരിച്ചു വരവേ ഇവരില്‍ 14 പേര്‍ ടിബറ്റന്‍ അതിര്‍ത്തിയായ ഹില്‍സിയില്‍ ശക്തമായ മഴയിലും കാറ്റിലും കുടങ്ങുകയായിരുന്നു. യാത്ര സംഘടിപ്പിച്ച നേപ്പാളിലെ ടൂര്‍ ഏജന്‍സി ഹെലികോപ്റ്ററുകള്‍ അയക്കാന്‍ വൈകിയതോടെ മൂന്ന് ദിവസമാണ് ആഹാരവും വെള്ളവുമില്ലാതെ ഇവര്‍ക്ക് കഴിയേണ്ടി വന്നത്.

പിന്നീട് നേപ്പാളിലെ ഇന്ത്യന്‍ എംബസി ഇടപ്പെട്ട് വ്യോമമാര്‍ഗ്ഗം ഇവരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ ഗഞ്ചിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ ലക്‌നോ വഴി വിമാനമാര്‍ഗമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. സംഘത്തിലെ മറ്റുള്ളവര്‍ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു.

Top