കൈലാസ് മാനസരോവര്‍ യാത്ര റദ്ദാക്കിയ സംഭവം, ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ചൈന

ബെയ്ജിംഗ്: സിക്കിമിലെ നാഥു-ലാ തുരങ്കത്തിലൂടെയുള്ള കൈലാസ് മാനസരോവര്‍ യാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയറാണെന്ന് ചൈന.

ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ഷി ലിയാനാണ് ഇതു സംബന്ധിച്ച് അഭിപ്രായം അറിയിച്ചത്. കൈലാസ് മാനസസരോവറിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയ്ക്ക് മറ്റു ബദല്‍ സംവിധാനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചൈന തയാറാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

സുരക്ഷാ കാരണങ്ങളുടെ പേരില്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ നാഥു-ലാ തുരങ്കം അടച്ചുവെന്നും കൈലാസ് മാനസസരോവര്‍ തീര്‍ഥാടകര്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണെന്നുമാണ് ചൈന നേരത്തേ അറിയിച്ചിരുന്നത്.

നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ് മാനസസരോവര്‍ തീര്‍ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെടുകയും ചെയ്തിരുന്നു. ഇതോടെ ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

Top