ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് നന്ദി അറിയിച്ച് കഫീല്‍ ഖാന്‍

kafeel1

ലഖ്നൗ: ജയില്‍ മോചിതനായതില്‍ നന്ദി അറിയിച്ച് ഡോ. കഫീല്‍ ഖാന്‍. പൗരത്വ നിയമ വിഷയത്തിലെ പ്രസംഗത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)പ്രകാരം തടവിലാക്കിയ കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ധ രാത്രിയാണ് ജയില്‍ മോചിതനാക്കിയത്. തടവിലാക്കിയത് നിയമ വിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നുമുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ മോചിതനായത്.

‘എന്റെ പ്രസംഗം അക്രമത്തിന് പ്രേരിപ്പിക്കുന്നതല്ലെന്ന് വ്യക്തമാക്കി ഉത്തരവ് നല്‍കിയ ജൂഡീഷ്യറിയോട് എനിക്ക് നന്ദിയുണ്ട്. അവസാനമായി മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടുപോകും വഴി എന്നെ ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന് പ്രത്യേക സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) നോടും നന്ദിയുണ്ട്’-കഫീല്‍ ഖാന്‍ പറഞ്ഞു.

‘രാമായണത്തില്‍ രാജ (രാജാവ്) രാജ്യ ധര്‍മ്മത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മഹര്‍ഷി വാല്‍മീകി പറഞ്ഞിരുന്നു. യുപിയില്‍ രാജാവ് ചെയ്യുന്നത് രാജ്യധര്‍മ്മം അല്ല. മറിച്ച് കുട്ടികളെ പോലെ ദുര്‍വാശി കാട്ടുകയാണ്’ കഫീല്‍ ഖാന്‍ പറഞ്ഞു.

Top