തടവു ജീവിതത്തിനു വിരാമം; കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

മഥുര: ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലീഗഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്ത കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് മഥുര ജയിലില്‍ നിന്നും മോചിപ്പിച്ചത്.

അലഹബാദ് ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് ദേശസുരക്ഷാ നിയമം ചുമത്തിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

ജനുവരി 29ന് രാത്രി ഏറെ വൈകി മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണു കഫീല്‍ ഖാന്‍ അറസ്റ്റിലായത്. യുപി സ്പെഷല്‍ ടാസ്‌ക് ഫോഴ്സിന്റെ അഭ്യര്‍ഥന പ്രകാരം മുംബൈ പൊലീസ് കഫീല്‍ ഖാനെ അറസ്റ്റു ചെയ്ത് കൈമാറുകയായിരുന്നു. ഫെബ്രുവരി 13ന് ഇദ്ദേഹത്തിന്റെ മേല്‍ ദേശസുരക്ഷ നിയമം ചുമത്തി.

കോടതി ഉത്തരവ് വന്നു കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് കഫീല്‍ ഖാനെ ജയില്‍ നിന്നും മോചിപ്പിച്ചത്. തന്റെ മകന്‍ നല്ല വ്യക്തിയാണെന്നും അവന്‍ ഒരിക്കലും രാജ്യത്തിനോ സമൂഹത്തിനോ എതിരായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നും കോടതി വിധിക്കു ശേഷം കഫീല്‍ ഖാന്റെ അമ്മ പ്രതികരിച്ചു.

Top