ഗോരഖ്പുര്‍ ശിശുമരണം; യോഗി സര്‍ക്കാരിന് തടയാമായിരുന്നു, അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല

ന്യൂഡല്‍ഹി: ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് ആശുപത്രിയില്‍ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനു നേരത്തേ അറിവുണ്ടായിരുന്നുവെന്ന്, കേസുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട ഡോ. കഫീല്‍ ഖാന്‍. ഹൈക്കോടതിയും സര്‍ക്കാര്‍ അന്വേഷണ കമ്മിഷനുകളും കുറ്റവിമുക്തനാക്കിയ ശേഷമായിരുന്നു കഫീല്‍ ഖാന്റെ തുറന്നുപറച്ചില്‍. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ 68 ലക്ഷം രൂപ ഓക്‌സിജന്‍ വിതരണക്കാര്‍ക്കു കുടിശികയുണ്ടായിരുന്ന വിവരം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു കാണിച്ച് ഏജന്‍സി 14 തവണ കത്തു നല്‍കി. ദുരന്തത്തിനു തലേന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗോരഖ്പുര്‍ ആശുപത്രി സന്ദര്‍ശിച്ച വേളയില്‍ ഏജന്‍സി നേരിട്ട് കത്തു കൈമാറുകയും 24 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജനേ ഉള്ളൂവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നു രേഖകള്‍ സഹിതം കഫീല്‍ ഖാന്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നതിനു മുന്‍പ് സ്വകാര്യ പ്രാക്ടിസ് നടത്തിയതാണു പിരിച്ചുവിടാന്‍ ഒരു കാരണമായി പറഞ്ഞത്. സര്‍വീസില്‍ ചേര്‍ന്ന ശേഷം സ്വകാര്യ പ്രാക്ടിസ് നടത്തിയതിനു തെളിവില്ലെന്നു റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. ഐഎംസിയില്‍ റജിസ്റ്റര്‍ ചെയ്താല്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാമെന്നിരിക്കെ, യുപി മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനില്ല എന്ന ആരോപണവും പകപോക്കാന്‍ വേണ്ടിയാണ്. ആരോഗ്യ സംവിധാനത്തിലെ പിഴവുകള്‍ ജനമധ്യത്തില്‍ കൊണ്ടുവന്നതാണു പകയ്ക്കുള്ള കാരണമെന്നും കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.

Top