കടുവ ഒ.ടി.ടിയിലേക്ക്, സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

പൃഥിരാജ് നായകനായ ചിത്രം കടുവ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം ആഗസ്റ്റ് നാലിന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ആമസോണ്‍ പ്രൈം വീഡിയോസ് അറിയിച്ചിരിക്കുന്നത്. ജൂലൈ 7 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കടുവ. തീയേറ്ററുകളില്‍ വന്‍ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. അതേസമയം ചിത്രത്തിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവാച്ചന്‍ വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റീലസ് തടയണമെന്നാവശ്യപ്പെട്ടും ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളില്‍ കോടതി വിധി ലംഘിച്ച്‌ നായകന് കുറുവച്ചന്‍ എന്ന യഥാര്‍ഥ പേര് നല്‍കിയാണ് റിലീസ് ചെയ്തതെന്നും അറിയിച്ചകൊണ്ടാണ് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി സ്വീകരിച്ച കോടതി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു.

ഷാജി കൈലാസിന്‍റെ സംവിധാന തികവില്‍ പൃഥിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, വിവേക് ഒബ്റോയി, പ്രിയങ്ക, റീനു മാത്യൂസ്, മീനാക്ഷി, അര്‍ജുന്‍ അശോകന്‍, സച്ചിന്‍ ഖദേക്കര്‍, സുദേവ് നായര്‍, രാഹുല്‍ മാധവ്, ദിലീഷ് പോത്തന്‍, അജു വര്‍ഗ്ഗീസ്സ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ്, എസ് താമന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു.

Top