കുറുവച്ചൻ വീഴ്ത്തിയത് ഐ.ജിയെ, പിണറായിയെ മർദ്ദിച്ച ഓഫീസറെ !

സിനിമ എന്നത് പൊതുവെ സാങ്കൽപ്പിക ലോകമാണെങ്കിലും നിരവധി യഥാർത്ഥ കഥകളും സിനിമയാക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ചിത്രീകരിക്കപ്പെട്ട് വെള്ളിത്തിരയിൽ ഇപ്പോൾ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സിനിമയാണ് പ്രിഥ്വിരാജ് നായകനായ കടുവ. സംവിധായകൻ ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചു വരവു കൂടിയായാണ് ഈ ചിത്രം മാറിയിരിക്കുന്നത്. തന്റെ കഥാപാത്രത്തെ ചുരുങ്ങിയത് സുരേഷ് ഗോപിയെങ്കിലും അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ച റിയൽ ഹീറോ പ്ലാന്റർ കുരുവിനാക്കുന്നേൽ കുറുവച്ചനെ അതായത് കടുവാക്കുന്നേൽ കുറുവച്ചനെ പോലും അമ്പരിപ്പിച്ച പ്രകടനമാണ് ‘കടുവയിൽ’ പ്രിഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത്. കുരുവിനാക്കുന്നേൽ കുറുവച്ചന്റെ തന്നെ കഥ പറയുന്ന ഒറ്റക്കൊമ്പനാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ഈ സിനിമയിലെ നായകൻ സുരേഷ് ഗോപിയാണ്.കടുവയുടെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേൽ കഴിഞ്ഞ രണ്ട് വർഷമായി കേസിൽ കുടുങ്ങിക്കിടക്കുന്ന ‘ഒറ്റക്കൊമ്പനും, തടസ്സങ്ങൾ നീക്കി അധികം താമസിയാതെ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒന്നും രണ്ടുമല്ല നിരവധി സിനിമകൾക്ക് പറയാനുള്ള കഥയുണ്ട് കുറുവച്ചനിൽ എന്നാണ് പാലാക്കാർ പറയുന്നത്. സംസ്ഥാനത്തെ ഒരു സീനിയർ ഐ.പി.എസ് ഓഫീസറോട് നേരിട്ട് ഏറ്റുമുട്ടിയ കർഷകനാണ് പാലായിലെ കുരുവിനാക്കുന്നേൽ കുറുവച്ചൻ.സിനിമയിൽ അത് കടുവാക്കുന്നേൽ കുറുവച്ചനായി എന്നുമാത്രം. നാട്ടുകാരനായ ജോസഫ് തോമസ് എന്ന ഐ.ജിക്ക് കുറുവാച്ചനുമായുണ്ടായ ശത്രുതയാണ് സിനിമ കഥകളെ വെല്ലുന്ന പോരാട്ടങ്ങൾക്ക് കാരണമായിരുന്നത്.നാട്ടിലെ ചില തർക്കത്തിന്റെ പേരിൽ തുടങ്ങിയ കേസുകളാണ് പിന്നീട് വൈരാഗ്യമായി വളർന്ന് കൊടും പകയായി മാറിയിരുന്നത്.

ഐ.എ.എസ് ഓഫീസറായിരുന്ന വി.ജെ കുര്യന്റെ സഹോദരനായിരുന്നു ജോസഫ് തോമസ്. പട്ടാളത്തിൽ നിന്നും ഐ.പി.എസിലേക്ക് കൂടുമാറിയ ജോസഫ് തോമസ് പൊലീസിൽ എത്തിയിട്ടും പട്ടാളക്കാരുടേതായ കാർക്കശ്യമാണ് പിന്തുടർന്നിരുന്നത്. കോൺഗ്രസ്സ് ഭരണകാലത്ത് കണ്ണൂർ എസ്.പിയായി നിയമിക്കപ്പെട്ട ജോസഫ് തോമസാണ് അന്ന് എം.എൽ.എ ആയിരുന്ന പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നത്. പിണറായിയെ അറസ്റ്റു ചെയ്യാൻ ധൈര്യം കാണിച്ച ഏക പൊലീസ് ഓഫീസറും ജോസഫ് തോമസാണ്. ഈ ജോസഫ് തോമസിനെ പിന്നീട് പാഠം പഠിപ്പിച്ചതും കണ്ണീര് കുടുപ്പിച്ചതും കടുവാക്കുന്നേൽ കുറുവച്ചനാണ്. സിരകളിൽ അഗ്നി പടർത്തുന്ന പോരാട്ട കഥയാണത്. അതു കൊണ്ടു തന്നെയാണ് മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങളും കുറുവച്ചനാകാൻ മത്സരിച്ച് രംഗത്തിറങ്ങിയതും.

ധാർഷ്ട്യവും വൈരാഗ്യവും കൂടെപ്പിറപ്പായ ജോസഫ് തോമസ് എന്ന ഐ.പി.എസുകാരന് എല്ലാ സംരക്ഷണവും നൽകിയിരുന്നത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. അക്കാലത്ത്,സൂപ്പർ ഡി.ജി.പി ചമഞ്ഞ ഐ.ജിയായിരുന്നു ജോസഫ് തോമസ്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേ താൻ ഓടിച്ചിരുന്ന കാറിനെ ഓവർടേക്ക് ചെയ്ത വാഹനത്തിന്റെ ടയർ വെടിവെച്ചിട്ട ചരിത്രവും ജോസഫ് തോമസിനുണ്ട്. ഈ ഐ.പി.എസ് ഓഫീസറുമായാണ് കുരുവിനാക്കുന്നേൽ കുറുവച്ചൻ യുദ്ധം ചെയ്തത്. ജോസഫ് തോമസിനൊപ്പം സ്റ്റേറ്റ് പൊലീസ് നിലയുറപ്പിച്ചപ്പോൾ കുറുവച്ചൻ ഒറ്റയാനായാണ് പോരാടിയത്. ആരെയും നേരിടുമെന്ന തന്റേടവും നിയമപരമായി പോരാടാനുള്ള അറിവുമാണ് അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയിരുന്നത്.

ലൈസൻസുള്ള തോക്കുമാത്രമല്ല കോടികളുടെ സ്വത്തുക്കളും ഈ പോരാട്ടത്തിനായി കുറുവച്ചൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പത്ത് ഏക്കറിലെ അദ്ദേഹത്തിന്റെ വീടിന് ഒരു കാവൽക്കാരനും ഉണ്ടായിരുന്നില്ല. ഒരു പരുന്താണ് ഈ ദൗത്യമെല്ലാം ഏറ്റെടുത്തിരുന്നത്. ആരെങ്കിലും പറമ്പിൽ കയറിയാൽ ഈ പരുന്താണ് കുറുവച്ചന് സിഗ്നൽ കൊടുത്തിരുന്നത്. ഒപ്പമുള്ളവനെ കള്ളക്കേസിൽ കുടുക്കിയപ്പോൾ സുപ്രീം കോടതിയിൽ നിന്നും സാക്ഷാൽ രാം ജത് മലാനിയെയാണ് കുറുവാച്ചൻ രംഗത്തിറക്കിയിരുന്നത്. ജോസഫ് തോമസിന്റെ കഷ്ടകാലം തുടങ്ങിയതും അവിടെ നിന്നാണ്. തന്നെ ദ്രോഹിച്ചതിന് പകരമായി തനിക്ക് പറ്റാവുന്ന രൂപത്തിൽ കുറുവച്ചനും ജോസഫ് തോമസിനെ ദ്രോഹിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി എന്ന ജോസഫ് തോമസിന്റെ സ്വപ്നം തകർക്കുക മാത്രമല്ല ആ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ തന്നെ ദ്രോഹിച്ച സകല പൊലീസ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിയാക്കിയും കുറുവച്ചൻ പകവീട്ടി. മേലുദ്യോഗസ്ഥർ പറയുന്ന നിയമവിരുദ്ധ കാര്യങ്ങൾ ഒരു മടിയും കൂടാതെ ചെയ്യുന്ന ഉദ്യാഗസ്ഥർക്കുള്ള ശക്തമായ താക്കീത് കൂടിയാണിത്.

ഒടുവിൽ, രക്ഷപ്പെടുന്നതിനായി കുറുവച്ചനോട് ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞ് മാപ്പിരന്നിട്ടും ജോസഫ് തോമസിന്റെ ക്രൂരതകളോട് ക്ഷമിക്കാൻ കുരുവിനാക്കുന്നേൽ കുറുവച്ചൻ തയ്യാറായിരുന്നില്ല. ജോസഫ് തോമസ് തെറ്റുകൾ ഏറ്റു പറഞ്ഞ് മാപ്പിരക്കുന്ന ദൃശ്യവും പിന്നീട് അദ്ദേഹം ഹൈക്കോടതിയിൽ ഹാജരാക്കുകയുണ്ടായി. ഇന്ന് ജോസഫ് തോമസ് ജീവിച്ചിരിപ്പില്ലങ്കിലും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുറുവച്ചനെ ദ്രോഹിച്ചവർ സർവ്വീസിൽ നിന്നും വിരമിച്ചിട്ടും ഇപ്പോഴും നിയമ നടപടികൾ നേരിടുകയാണ്. ഒറ്റയെണ്ണത്തിനെയും വെറുതെ വിടില്ലന്ന ഉറച്ച നിലപാടിൽ തന്നെയാണ് കുറുവച്ചൻ ഇപ്പോഴും മുന്നോട്ട് പോകുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ‘കടുവ’ സിനിമയും, ഒരു ഓർമ്മപ്പെടുത്തലാണ്.

നെറികേടിനെതിരെ പ്രതികരിക്കാൻ പുതു തലമുറയ്ക്കും ‘കടുവ’ സിനിമ നൽകുന്നത് വലിയ ആവേശം തന്നെയാണ്. സോഷ്യൽ മീഡിയകളിലെ പ്രതികരണത്തിലും ഇക്കാര്യം വ്യക്തമാണ്. ഐ. ജിയുടെ ഉത്തരവ് പ്രകാരം കുറുവച്ചനെ പിടിക്കാൻ വന്ന പൊലീസുകാരെ മുഴുവൻ അടിച്ചു നിലംപരിശാക്കിയ ശേഷം ജീപ്പിൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടു തള്ളുന്ന ദൃശ്യത്തിനാണ് തിയറ്ററുകളിൽ ഏറെ കയ്യടി ലഭിച്ചിരിക്കുന്നത്.

EXPRESS KERALA VIEW

Top